ബിജുലാല്‍ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച്

single-img
5 August 2020

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആർ ബിജുലാല്‍ പൊലീസ് കസ്റ്റഡിയിൽ .മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസിൽ വെച്ച് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയത്.

താന്‍ ട്രഷറിയില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗിച്ച് വേറെ ആരോ ആണ് തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെയെന്നും ബിജു ലാല്‍ പറഞ്ഞു.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ബിജുലാല്‍ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംശയത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ താൻ നിരപരാധിയാണെന്നും ബിജുലാൽ ജാമ്യ അപേക്ഷയിൽ പറയുന്നുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്. പോലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയതെന്നാണ് വിവരം .

മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ ബിജുലാലിനെ തുടർന്ന് കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് കൂടിയായ എം.ആര്‍ ബിജു ലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയെന്നാണ് പൊലീസ് നിഗമനം .