വിഴിഞ്ഞം തുറമുഖ പദ്ധതി: അദാനിയുടെ കമ്പനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത് കോടതി

single-img
4 August 2020

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ഉപകരാർ എടുത്ത കമ്പനിയെ കബളിപ്പിച്ച കുറ്റത്തിൽ അദാനി പോർട്സ് സിഇഒ കരൺ അദാനി ഉൾപ്പടെ എട്ട് പേർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ഇവരെ പ്രതി ചേർത്തുകൊണ്ട് ഐപിസി 420 വകുപ്പ് അനുസരിച്ച് വഞ്ചനാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കേസ് എടുത്തതിനെ തുടർന്ന് നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്ക് കോടതി സമൻസും അയച്ചു. പദ്ധതിയുടെ ഉപകരാർ എടുത്തിട്ടുള്ള മേഘ ട്രേഡിംഗ് കമ്പനി ഉടമ ഗിരീഷ് പിള്ള നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ചായിരുന്നു കോടതിയുടെ ഈ നടപടി. പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല് നൽകാൻ ആണ് മേഘ ട്രേഡിംഗ് കമ്പനി ഉപകരാർ അദാനിയുടെ കമ്പനിയിൽ നിന്നും എടുത്തത്.

എന്നാൽ ഇതിനായുള്ള 74 കോടി രൂപ നൽകുന്നതിൽ എതിർ കക്ഷികൾ വീഴ്ച വരുത്തുകയായിരുന്നു. പ്രതിഫലമായി നൽകിയ വിവിധ ബാങ്കുകളുടെ ചെക്കുകൾ എല്ലാം മടങ്ങിയതിനെ തുടർന്ന് ഹർജിക്കാരൻ എസിജെഎം കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ ഹോവ് എഞ്ചിനീയറിംഗ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. അദാനി പോർട്സ് കമ്പനിയുടെ സിഇഒയായ കരൺ അദാനി കേസിൽ എട്ടാം പ്രതിയാണ്. അതേസമയം ഹർജി മജിസ്ട്രേറ്റ് കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.