ഇപ്പോൾ യുഎഇ സേഫ് ആണ്: യുഎഇയിൽ നിന്നും നാട്ടിലേക്കു മടങ്ങിയത് രജിസ്റ്റർ ചെയ്തതിൻ്റെ പകുതി യാത്രക്കാർ മാത്രം

single-img
4 August 2020

വന്ദേഭാരത് ദൗത്യത്തിലൂടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികൾ മാത്രമാണെന്നു വെളിപ്പെടുത്തൽ. രജിസ്റ്റര്‍ ചെയ്തതിന്റെ പകുതി യാത്രക്കാര്‍ മാത്രമാണ് നാട്ടിലെത്തിയതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 

യുഎഇ പ്രവാസികളായ മലയാളികൾ നാട്ടിലേക്കു പോകുവാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷത്തിലേറെ പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങാനായി യുഎഇയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത പലരേയും ബന്ധപ്പെട്ടപ്പോള്‍ നാട്ടിലേക്ക് പോവാന്‍ താത്പര്യം ഇല്ലെന്ന പ്രതികരണമാണ് കോണ്‍സുലേറ്റിന് ലഭിച്ചത്. 

ആഗസ്റ്റ് 15 വരെ തൊണ്ണൂറോളം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോവുന്നുണ്ട്. എന്നാല്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇപ്പോഴും സീറ്റുകള്‍ ബുക്ക് ചെയ്യാതെയുണ്ട്. 

നാട്ടിലെത്തിയാല്‍ 28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും എന്നതും, യുഎഇയില്‍ കോവിഡ് വ്യാപനം കുറഞ്ഞുവെന്നതും പ്രവാസികളെ രാജ്യത്തേക്ക് മടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.