കൊവിഡ് ഭീഷണി; ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി യുഎസ് ഓപ്പണില്‍ നിന്നും പിന്മാറി

single-img
30 July 2020

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരമായ ആഷ്‌ലി ബാര്‍ട്ടി ഈ വർഷം നടക്കാനിരുന്ന യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയതായി അറിയിച്ചു. ലോകമാകെ നിലനിൽക്കുന്ന കൊവിഡ് ഭീഷണിയെ തുടര്‍ന്നാണ് ആഷ്‌ലി ചാംപ്യന്‍ഷിപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് അറിയിപ്പിൽ പറയുന്നത്.

യുഎസ് ഓപ്പണിൽ പങ്കെടുക്കുന്നില്ല എന്ന് ഔദ്യോഗികമായി അറിയിച്ച ആദ്യത്തെ പ്രമുഖ താരം കൂടിയാണ് ബാര്‍ട്ടി. ഈ വർഷം നടക്കേണ്ട വെസ്റ്റേണ്‍ ആന്‍റ് സതേണ്‍ ഓപ്പണിനും യുഎസ് ഓപ്പണിനുമായി അമേരിക്കയിലേക്കു യാത്ര തിരിക്കേണ്ടതില്ലെന്നു താനും ടീമും തീരുമാനിച്ചു കഴിഞ്ഞതായി ബാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേപോലെ തന്നെ യൂറോപ്പില്‍ ഈ സീസണില്‍ ഇനി മല്‍സരിക്കുന്ന കാര്യത്തിലും ബാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. ഈ മത്സരങ്ങളിൽ നിന്നും പിന്മാറുക വഴി ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ ബാര്‍ട്ടിയെത്തുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ് .

2020 മേയ് മുതല്‍ ജൂണ്‍ വരെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. പക്ഷെ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഇത് സപ്തംബര്‍ 27ലേക്കു മാറ്റി വെക്കപ്പെട്ടു. ഇനിയുള്ള ആഴ്ചകളില്‍ ഫ്രഞ്ച് ഓപ്പണ്‍, ഡബ്ല്യുടിഎ യൂറോപ്യന്‍ ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ കളിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബാര്‍ട്ടിപറയുന്നു.