ചന്തയും കല്ല്യാണവും: കേരളത്തെ കോവിഡ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഇവ

single-img
28 July 2020

സംസ്ഥാനത്തും കോവിഡ് ബാധ അതിരൂക്ഷമാണ്. വ്യക്തികൾക്കു കോവിഡ് ബാധിക്കുന്നു എന്നതിലുപരി അത് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് ബധിക്കുന്നതെന്നുള്ളതാണ് ഗുരുതരമായ സ്ഥിതിവിശേഷം. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണമെന്താണ്? സമ്പര്‍ക്കത്തിലൂടെ കോവിഡ്‌ പടരാന്‍ പ്രധാനകാരണമായതു വിവാഹച്ചടങ്ങുകളും മാര്‍ക്കറ്റുകളുമെന്നു സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ രോഗവ്യാപനം ഇത്തരത്തിൽ രൂക്ഷസമായിരിക്കേ വരുംദിവസങ്ങളില്‍ മാര്‍ക്കറ്റുകളിലും വിവാഹച്ചടങ്ങുകളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുാനവും മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം കെെക്കൊണ്ടിരുന്നു. 

സംസ്‌ഥാനത്തു രണ്ടാംഘട്ട കോവിഡ്‌ വ്യാപനം രൂക്ഷമാക്കിയത് തിരുവനന്തപുരത്തെ കുമരിചന്തയും കാസര്‍ഗോഡ്‌ ചെങ്കളയിലെ വിവാഹച്ചടങ്ങുമാണെന്നാണ് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തലുണ്ടായത്. അതുപോലെ തന്നെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരും കോവിഡ് വ്യാപന കേന്ദ്രമായി സർക്കാർ കരുതുന്നു. പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റിലെ 67 പേരെ പരിശോധിച്ചതില്‍ 45 പേരും രോഗബാധിതരെന്നു കണ്ടെത്തിയതും സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. 

കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ 17-നു ചെങ്കളയിലെ വിവാഹത്തില്‍ പങ്കെടുത്തവരില്‍, വധൂവരന്‍മാരുള്‍പ്പെടെ 43 പേര്‍ക്കാണു കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. അത് അവിടം കൊണ്ടും നിന്നില്ല. രോഗം കൂടുതല്‍പ്പേരിലേക്കു വ്യാപിച്ചു. മറ്റു ജില്ലകളിലും വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത നിരവധിപ്പേര്‍ രോഗബാധിതരായിട്ടുണ്ട്െന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതെല്ലാം സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ പ്രതിസന്ധിയിലാക്കുകയായിരുന്നു. 

തമിഴ്‌നാട്ടില്‍നിന്നും തിരുവനന്തപുരം കുമരിചന്തയില്‍ മത്സ്യവുമായെത്തിയ വ്യാപാരിയില്‍നിന്നാണു നൂറുകണക്കിനു പേര്‍ക്കു രോഗം പകര്‍ന്നിരിക്കുന്നത്. രമാഗവ്യാപനം മൂലം തിരുവനന്തപുരത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുകയും പൂന്തുറ, ബീമാപ്പള്ളി തുടങ്ങിയ തീരദേശ മേഖലകളെ കടുത്ത അടച്ചുപൂട്ടലിലേക്കു നയിക്കുകയും ചെയ്തു. 

കോട്ടയം ജില്ലയിൽ ഒരാഴ്‌ച അടഞ്ഞുകിടന്ന ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ്‌ കഴിഞ്ഞ ദിവസം തുറന്നതിനു പിന്നാലെയാണ്‌ ഇത്രയും പേര്‍ക്ക്‌ രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ ഏറെയും മാര്‍ക്കറ്റിലെ തൊഴിലാളികളായ ഇതരസംസ്‌ഥാനക്കാരാണ്‌. കിടങ്ങൂരില്‍നിന്നു പച്ചക്കറി എടുക്കാനെത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക്‌ രോഗം സ്‌ഥിരീകരിച്ചതിനേത്തുടര്‍ന്ന്ാണ് കഴിഞ്ഞ വെള്ളിയാഴ്‌ച മാര്‍ക്കറ്റ്‌ അടച്ചത്.  അതിനുശേഷം മാര്‍ക്കറ്റിൻ്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന ഇതരസംസ്‌ഥാനത്തൊഴിലാളികളാണ്‌ ഇന്നലെ രോഗം സ്‌ഥിരീകരിക്കപ്പെട്ടവരില്‍ ഏറെയും. 

കണ്ണൂര്‍ ധര്‍മ്മടത്തും വലിയ രോഗവ്യാപനമാണ് നടന്നിരിക്കുന്നത്. ഒരു കുടുംബത്തിലെ 17 പേര്‍ക്കു കോവിഡ്‌ സ്‌ഥിരീകരിച്ചതാണു കേരളത്തിലെ ആദ്യത്തെ ക്ലസ്‌റ്ററായി ആരോഗ്യവകുപ്പ്‌ കണക്കാക്കുന്നത്‌. അവിടെയും ഉറവിടം മാര്‍ക്കറ്റായിരുന്നുവെന്നുള്ള പ്രത്യേകതയുമുണ്ട്. 

തലശേരി മാര്‍ക്കറ്റിലെ മീന്‍ മൊത്തവ്യാപാരിയും കുടുംബാംഗങ്ങളുമാണു രോഗബാധിതരായത്‌. തുടര്‍ന്ന്‌ മാര്‍ക്കറ്റ്‌ അടച്ചുപൂട്ടുകയും ചെയ്തു. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി കോവിഡ്‌ ബാധിച്ച്‌ മരിക്കുകയും 17 കുടുംബാംഗങ്ങള്‍ രോഗബാധിതരാവുകയും ചെയ്‌തതും കേരളത്തെ ഞെട്ടിച്ചു.  പിന്നീട്‌ ഇതേ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിക്കും രോഗം സ്‌ഥിരീകരിച്ചിരുന്നു.

വ്യാപകമായ രോഗ വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ മാർക്കറ്റുകൾക്ക് നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുസമയം 10 പേര്‍ക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്. മത്സ്യ മാര്‍ക്കറ്റുകള്‍ തത്‌കാലം തുറക്കാന്‍ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ലോറികളില്‍ വരുന്ന ലോഡ്‌ അണുമുക്‌തമാക്കിയശേഷമേ ഇറക്കാന്‍ അനുവദിക്കുകുള്ളു. ചുമട്ടുതൊഴിലാളികളെയും കടകളിലെ ജീവനക്കാരെയും കൈകള്‍ ശുചിയാക്കിയശേഷമേ മാര്‍ക്കറ്റില്‍ പ്രവേശിക്കാവു എന്ന നിർദ്ദേശവും നൽകിക്കഴിഞ്ഞു. .