കർണാടകത്തിലും കേരളത്തിലും ഐസിസ് ഭീകരരുടെ കാര്യമായ സാന്നിദ്ധ്യം: ഐക്യരാഷ്ട്രസഭയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

single-img
27 July 2020

ഇന്ത്യയിൽ, വിശേഷിച്ചും കർണാടകയിലും കേരളത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ISIS or ISIL), അൽ ഖ്വയിദ തുടങ്ങിയ തീവ്രവാ‍ദ സംഘടനകളുടെ പ്രവർത്തനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്.

ഐസിസിന്റെ ഇന്ത്യൻ ദളമായ ‘ഹിന്ദ് വാലിയ’യിൽ 180-നും 200-നുമിടയിൽ അംഗങ്ങളുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ പ്രവിശ്യ എന്നാണ് ഹിന്ദ് വാലിയ എന്ന വാക്കിന്റെ അർത്ഥം. 2019 മേയ് 10-നാണ് ഇത് ഔദ്യോഗികമായി ആരംഭിക്കുന്നത്. കേരളത്തിലും കർണാടകത്തിലും ഇവരുടെ കാര്യമായ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വായിദയുടെ (AQIS- Al-Qaida in the Indian Subcontinent) പ്രവർത്തനം ഏകോപിപ്പിക്കുന്നത് താലിബാൻ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ നിമ്രുസ്, ഹെൽമൻഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിൽ നിന്നാണ് ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇവർക്ക് ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മാർ, പാകിസ്താൻ എന്നീ രാജ്യങ്ങളിലായി 150-നും 200-നുമിടയിൽ അംഗങ്ങളുണ്ട്.

അസീം ഉമർ എന്ന നേതാവിന്റെ മരണശേഷം ഒസാമ മഹമൂദ് ആണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വായിദയുടെ തലവൻ. ഇയാളുടെ നേതൃത്വത്തിൽ ഈ മേഖലയിൽ ആക്രമണങ്ങൾ നടത്താൻ സംഘടനയ്ക്ക് പദ്ധതിയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.