രണ്ട് ഭിക്ഷാടകർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം നഗരത്തില്‍ ആശങ്ക

single-img
26 July 2020

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ നഗരത്തില്‍ രണ്ട് ഭിക്ഷാടകർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇന്ന് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

പരിശോധനാ ഫലത്തില്‍ കൊവിഡ് പോസിറ്റീവ് ആയവരെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി. നഗരത്തിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നവരിൽ ഉറവിടം അറിയാത്ത രോഗികളുണ്ടാകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

അതേപോലെ തന്നെ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയിട്ടും ആരോഗ്യവകുപ്പ് പരിശോധന വര്‍ദ്ധിപ്പിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവില്‍ രോഗവ്യാപനം ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് ആരോപണം.

എന്നാല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ തന്നെ കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകൾ പ്രകാരം തിരുവല്ലം, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ദിവസം നൂറ് ആന്റിജൻ പരിശോധനകളും, മറ്റിടങ്ങളിൽ 50 ആന്റിജൻ പരിശോധനകളും നടന്നിരുന്നു.