ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 3,338 പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല

single-img
26 July 2020

ബംഗളൂരുവിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ബെംഗളൂവില്‍ വന്‍ തോതിലുള്ള വര്‍ധനവാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം 16,000 ല്‍ നിന്ന് 27,000 ലേക്ക് കുതിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കര്‍ണാടക സംസ്ഥാനത്തിലെ പകുതിയോളം കോവിഡ് കേസുകള്‍ ബെംഗളൂവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

അതേസമയം നഗരത്തിലെ 3,338 കോവിഡ്-19 ബാധിതരെ ഇതു വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍. ആകെ രോഗബാധിതരുടെ ഏഴ് ശതമാനത്തോളം വരുമിത്. പരമാവധി ശ്രമിച്ചിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്  അധികൃതര്‍ വ്യക്തമാക്കി. 

രോഗം എവിടെനിന്നാണ് പകർന്നതെന്നറിയാത്ത സാഹചര്യം ബംഗളൂരുവിൽ കൂടുതലാണ്. വൈറസ് പോസിറ്റീവായ കുറച്ചു പേരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയെങ്കിലും 3,338 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിശോധനയ്‌ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവുമാണ് നല്‍കിയതെന്നുള്ളതാണ് ഇവരെ തിരിച്ചറിയാൻ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. 

മാത്രമല്ല പരിശോധനാഫലം ലഭിച്ചയുടനെ പലരും അപ്രത്യക്ഷരായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനാഫലം പോസിറ്റീവായവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായതായി വിവരം ലഭിച്ചിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. രോഗബാധയുള്ള എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നിരിക്കേ ഇത് ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക പരിഗണനയെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണ്‍ വ്യക്തമാക്കി. 

ഇനിമുതൽ സാംപിള്‍ ശേഖരിക്കുന്നതിന് മുമ്പ് പരിശോധന നടത്താനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പറും പരിശോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിർദ്ദേശിക്കുവാൻ ആരോഗ്യവകപ്പ് തീരുമാനിച്ചിട്ടുണ്ട്.