വീടിന്റെ മുന്നിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വലിച്ചെറിയുകയും ചെയ്തു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ സ്ത്രീയുടെ പരാതി

single-img
25 July 2020

ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷൺമുഖനെതിരെ പരാതിയുമായി അയൽവാസിയായ 53കാരി. സുബ്ബയ്യ ഷൺമുഖന്‍ തന്റെ വീടിന് മുന്നിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വലിച്ചെറിയുകയും ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസിൽ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും സ്ത്രീ ആരോപിച്ചു.

തമിഴ്നാട്ടില്‍ ചെന്നൈയിൽ താമസിക്കുന്ന സുബ്ബയ്യയും പരാതിക്കാരിയായ സ്ത്രീയും അയൽവാസികളാണ്.
ഇവരുടെ പാര്‍ക്കിങ് സ്ലോട്ടിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് സംഭവത്തിന്റെ തുടക്കം. സ്ത്രീ തന്റെ ഉടമസ്ഥതയിലുള്ള പാർക്കിങ് സ്ലോട്ട് ഉപയോഗിച്ചതിന് പണം നൽകണമെന്ന് സുബ്ബയ്യയോട് പറഞ്ഞു. പക്ഷെ ഇതിന് സുബ്ബയ്യ വിസമ്മതിച്ചു.

ഇതിനെ തുടര്‍ന്ന് സ്ത്രീയെ ആദ്യം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ സുബ്ബയ്യ പിന്നാലെ വീടിന് മുന്നിൽ മൂത്രമൊഴിക്കുകയും ഉപയോ​ഗിച്ച മാസ്കും ചപ്പുവചവറുകളും വലിച്ചറിയുകയും ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതിക്കാരി പോലീസിന് കൈമാറിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് സ്ത്രീയുടെ ബന്ധുക്കൾ പറയുന്നു.

അതേസമയം പരാതിക്കാരി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതി നല്‍കിയ സ്ത്രീ സ്വന്തം വിവരങ്ങൾ പരസ്യമാക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു. നിലവില്‍ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഡോ സുബ്ബയ്യയും പറഞ്ഞതായി പോലീസ് പറയുന്നു. എന്നാല്‍ ഇതുവരെ സംഭവത്തെ കുറിച്ച് എബിവിപി ദേശീയ പ്രസിഡന്റ് പരസ്യമായി പ്രതികരിച്ചിട്ടില്ല.

സംഭവം പാർക്കിങിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് എബിവിപി നല്‍കിയ വിശദീകരണം. ഇരു കുടുംബങ്ങളും വിഷയം ചർച്ച ചെയ്തിട്ടുണ്ട്. മറ്റുള്ള ആരോപണങ്ങൾ തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും എബിവിപി അവകാശപ്പെടുന്നു.