കൊറോണയെ നശിപ്പിക്കുന്ന വെെറസിനെ കണ്ടെത്തി എൻഎസ്എസ് കരയോഗം: കോവിഡിനെ നശിപ്പിക്കുവാൻ ചെയ്യേണ്ടത് ഇത്രമാത്രമെന്ന് നിർദ്ദേശം


കൊറോണ വൈറസിനെ ഈ ലോകത്തുനിന്നും ഓടിക്കുവാൻ മാർഗ്ഗവുമായി ഒരു നായർ സർവ്വീസ് സൊസെെറ്റി കരയോഗം. കൊറോണ വെെറസിനെ ഇല്ലാതാക്കുവാൻ ശേഷിയുള്ള ഒരു `വെെറസിനെ´ യോഗം പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കലിസന്തരോണോപനിഷത്ത് കൊറോണയെ പ്രതിരോധിക്കുവാൻ ഏറ്റവും മികച്ച മാർഗ്ഗമാണെന്നാണ് കരയോഗം അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ ഉപനിഷത്തിലെ ശ്ലോകങ്ങൾ ഉപയോഗിച്ച് നാമജം നടത്തിയാൽ കൊറോണ വെെറസിനെ പ്രതിരോധിക്കാനാകുമെന്നും യോഗം ചൂണ്ടിക്കാട്ടുന്നു.
അരോളി എൻഎസ്എസ് കരയോഗം ആധ്യാത്മിക പഠനകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് കൊറോണ പ്രതിരോധ നാമജപം പ്രവർത്തനങ്ങൾ നടക്കുനന്ത്. നാമജപം- കൊറോണക്കെതിരെ എന്ന പേരിലാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസിന് എതിരെയുള്ള വൈറസാണ് കലിസന്തരണോപനിഷത്ത് എന്നുള്ള കാര്യവും നാമജപ പ്രചരണത്തിനായി പുറത്തിറക്കിയിട്ടുള്ള നോട്ടീസിൽ എൻഎസ്എസ് കരയോഗം അവകാശപ്പെട്ടിട്ടുണ്ട്.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എന്ന ശ്ലോകം ആണ് കലിസന്തരണോപനിഷത്ത് എന്നും ഇത് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തിയുള്ളതാണെന്നും കരയോഗം പറയുന്നുണ്ട്. ഈ പതിനാറ് നാമങ്ങൾ ഈ കലികാലത്തെ സർവ്വപാപങ്ങളും നശിപ്പിക്കുവാൻ ശേഷിയുള്ളതാണെന്നും കരയോഗം വ്യക്തമാക്കുന്നു.
ഇതിലും ശ്രേഷ്ഠമായ മാർഗ്ഗം വേദശാസ്ത്രങ്ങളിൽ പോലും കാണപ്പെടുന്നില്ലെന്നും കൊറോണ (കോവിഡ് 19) കലിയുടെ വിളയാട്ടമാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വെെറസ് ലോകത്തിൻറെ മഹാപാപം ഫലമാണ്. ഇതിനെ തരണം ചെയ്യാൻ ഉചിതമായ അനുകൂല വൈറസ് ഇതുമാത്രമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
സന്ധ്യാസമയങ്ങളിൽ (സായംസന്ധ്യയ്ക്കും പ്രഭാതസന്ധ്യയിലും) നിലവിളക്ക് അഞ്ച് തിരിയിട്ട് ശുദ്ധമായ എണ്ണ ഒഴിച്ച് അതിനു ചുറ്റും കോവിഡ നിയമമനുസരിച്ച് ഇരുന്ന് എല്ലാവരും ഉച്ചത്തിൽ ഈ ഉപനിഷത്ത് മന്ത്രം ജപിക്കുകയാണെങ്കിൽ നിശ്ചയമായും ഈ കൊറോണ വൈറസിനെ അകറ്റി അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുവാൻ കഴിയുന്നതാണ്- നോട്ടീസിലൂടെ യോഗം അറിയിപ്പു നൽകുന്നു.
അതേസമയം സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. നമ്മുടെ സർക്കാർ നൽകുന്ന എല്ലാവിധ നിയമ നിർദ്ദേശങ്ങളും, ബ്രേക്ക് ദ ചെയിൻ ഉൾപ്പെടെ അനുസരിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതാണെന്നാണ് നിർദ്ദേശം.
കരയോഗ പരസിഡൻ്റിൻ്റേയും സെക്രട്ടറിയുടെയും പേരിലാണ് നോട്ടീസ് പുറത്തിറങ്ങിയിട്ടുള്ളത്.
