ഗൂഗിള്‍ പേ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ റിസർവ് ബാങ്ക് അനുമതി ആവശ്യമില്ല; വാദവുമായി ഗൂഗിൾ ഇന്ത്യ
ഇന്ത്യയിൽ ഗൂഗിൾ പേയുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന വാദവുമായി ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. ഈപ്രവർത്തനത്തിൽ തങ്ങളുടെ പങ്കാളികളായ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും സാങ്കേതിക സൗകര്യം ഒരുക്കുന്ന മൂന്നാം കക്ഷി മാത്രമാണ് ഗൂഗിൾ എന്നായിരുന്നു ദില്ലി ഹൈക്കോടതിയിൽ കമ്പനി വാദിച്ചത്.
പേമെന്റ് നടക്കുന്ന യുപിഐ പേമെന്റ് സംവിധാനം പ്രകാരം എൻപിസിഐയാണ് പേമെന്റ് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ഈ പ്രവർത്തനത്തിൽ ഗൂഗിൾ പേ വെറുമൊരു ആപ്ലിക്കേഷൻ ദാതാവ് മാത്രമായ മൂന്നാം കക്ഷിയായായതിനാൽ 2007 ലെ പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമപ്രകാരം റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് കമ്പനി പറയുന്നു. ഗൂഗിൾ പേ എന്നത് ഒരു ധന ഉപകരണമല്ല.
ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു സിസ്റ്റം ദാതാവോ പേമെന്റ് സിസ്റ്റം പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നില്ല. ഇത് കേവലം ഒരു മൊബൈൽ ആപ്ലിക്കേഷൻ മാത്രമാണ്. കമ്പനി സാങ്കേതിക പ്രതലം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.
മൊബൈലിൽ യുപിഐ നെറ്റ്‌വർക്ക് വഴി ഈ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ഇടപാട് നടത്താനാവും. അതുകൊണ്ടുതന്നെ രാജ്യത്തെ വിവിധ ബാങ്കുകളെ എൻപിസിഐ നിയന്ത്രിക്കുന്ന യുപിഐ സിസ്റ്റവുമായി ബന്ധിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഗൂഗിൾ പേ പറയുന്നത്.