ഞാനാണ് ആ ആൾ, എനിക്കു മുമ്പുള്ള ഒരേ ഒരാൾ എബ്രഹാം ലിങ്കൺ മാത്രം: ഡൊണാൾഡ് ട്രംപ്


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിയാണ്. അമേരിക്കയുടെ പ്രഥമ പൗരൻ ആകുന്നതിനു മുൻപും അതിനുശേഷവും ആ ഒരു കാര്യത്തിൽ ട്രംപ് മാറ്റം വരുത്തിയിട്ടില്ല. വിവാദമായ പ്രവർത്തികൾ, അല്ലെങ്കിൽ വിവാദമായ ഒരു പ്രസ്താവന ഒരാഴ്ചയ്ക്കുള്ളിൽ ഇതിൽ ഏതെങ്കിലും ട്രംപിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകും. അതാണ് നിലവിലെ നടപ്പുരീതി. ഇക്കാര്യങ്ങളിൽ ട്രംപ് അറിഞ്ഞുകൊണ്ടാണോ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ ഇത്തിരി ബുദ്ധിമുട്ടും. അതിനു കാരണം ഒരു പ്രസ്താവനയിലും പ്രവർത്തിയിലും ട്രംപ് ഉറച്ചു നിൽക്കുന്നില്ല എന്നുള്ളത് ലോകം കണ്ടുകൊണ്ടിരിക്കുകയാണ് എന്നുള്ളതു തന്നെ.
കറുത്തവർഗ്ഗക്കാരനായ ഒരു പൗരനെ അമേരിക്കൻ പോലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ അമേരിക്കയിൽ അരങ്ങേറിയ പ്രതിഷേധം ലോകം കണ്ടതാണ്. അമേരിക്കൻ പോലീസിന് ഒപ്പമാണ് തൻറെ നിലപാടെന്ന് പല ആവർത്തി വിളിച്ചുപറഞ്ഞ വ്യക്തിയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കമ്യൂണിസ്റ്റുകാരും ദേശവിരുദ്ധരുമാണ് പ്രതിഷേധങ്ങൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ പറഞ്ഞതിനെ ആകെത്തുക എന്നാൽ താൻ കറുത്ത വർഗ്ഗക്കാർക്ക് ഒപ്പമല്ലെന്നാണെന്നും ലോകത്തിന് മനസ്സിലായിരുന്നു.
ഇപ്പോഴിതാ അതിൻ്റെ ബാക്കിപത്രമായി പുതിയ പ്രസ്താവന അമേരിക്കൻ പ്രസിഡൻ്റിൽ നിന്നും എത്തിയിരിക്കുന്നു. രാജ്യത്തെ കറുത്ത വർഗക്കാർക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്ത പ്രസിഡന്റാണ് താനെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്. രാജ്യത്തെ ഏത് പ്രസിഡന്റ് ചെയ്തതിനേക്കാളും കാര്യങ്ങൾ താൻ കറുത്ത വർഗക്കാർക്കായി ചെയ്തു. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്ത ഒരേ ഒരാൾ എബ്രഹാം ലിങ്കണ് മാത്രമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്താല്ലേ…. സ്വയം ന്യായീകരിക്കുവാൻ വിപ്ലവകരമായ മാറ്റങ്ങളിലൂടെ ലോകത്തെ അതിശയിപ്പിച്ച ഭരണകർത്താവിനെവരെ ട്രംപ് കൂട്ടുപിടിച്ചിരിക്കുന്നു.
രാജ്യത്ത് കറുത്ത വർഗക്കാർക്കിടയിൽ ഏറ്റവും കുറവ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത് തന്റെ ഭരണകാലത്താണെന്നും ട്രംംപ് ഓർമിപ്പിക്കുന്നുണ്ട്. അല്ല… എന്തിനാണ് ഈ പുകഴ്ത്തൽ എന്നു മനസ്സിലായോ? പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് തന്നെ.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെയും ട്രംപ് കണക്കറ്റ് പരിഹസിച്ചു. ഒബാമക്കൊപ്പം വൈറ്റ്ഹൗസിൽ ഉണ്ടായിരുന്ന സമയത്ത് ഒരു ക്രിമിനൽ ജസ്റ്റീസ് ബിൽ പാസാക്കാൻ സാധിക്കാതിരുന്ന ആളാണ് ബൈഡനെന്നായിരുന്നു ഡൊണാൾഡ് ട്രംപ് പരിഹസിച്ചത്.
തൻ്റെ പ്രസംഗത്തിൽ ട്രംപ് നിറം എടുത്തുപറയേണ്ട കാര്യം എന്താണ്? കാരണമുണ്ട്. ട്രംപ് ആളുകളോട് ഇടപെടുന്നത് നിറത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ ബൈഡൻ വിമർശിച്ചിരുന്നു. വാഷിംഗ്ടണ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലുടനീളം ബൈഡൻ ട്രംപിന്റെ ഈ പോരായ്മകളായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്.
മാത്രമല്ല കോവിഡ് വൈറസിനെ ചൈനീസ് വൈറസ് എന്ന് ട്രംപ് അഭിസംബോധന ചെയ്തതിനേയും ജോ ബൈഡൻ കുറ്റപ്പെടുത്തിയിരുന്നു. പ്രസിഡന്റ് പദത്തിലിരുന്ന് ഒരാളും മറ്റൊരു രാജ്യത്തിനെതിരെ ഇത്തരം അഭിപ്രായ പ്രകടനം നടത്താൻ പാടില്ലെന്നായിരുന്നു ബൈഡന്റെ വിമർശനം. ഇതിനെല്ലാമുള്ള മറുപടികളാണ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താ സമ്മേളത്തിൽ ഉടനീളം നിറത്തെ കൂട്ടുപിടിച്ചുകൊണ്ട് നടത്തിയത്. പ്രസിഡൻ്റ് പദവിയിൽ എത്തിയതിനു ശേഷം കറുത്തവർഗ്ഗക്കാരെ ഇത്രയും സ്നേഹിച്ചതു പോരാതെ ഇതിനു മുൻപും കറുത്തവർഗക്കാരെ ഏറ്റവും കൂടുതൽ ചേർത്തു നിർത്തിയ പ്രസിഡന്റാണ് താനെന്നും ട്രംപ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
പറഞ്ഞു വരുമ്പോൾ അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ വീടുകളിൽ നിന്നും മാർട്ടിൻ ലൂഥർ കിംഗിൻ്റെയും എബ്രഹാം ലിങ്കൻ്റെയും ചിത്രങ്ങൾ മാറ്റി തൻ്റെ ചിത്രം സ്ഥാപിക്കുക എന്നുള്ളതാണെന്നു തോന്നുന്നു ട്രംപിൻ്റെ കുറച്ചു നാളായുള്ള കറുത്തവർഗ്ഗപ്രേമം കാണുമ്പോൾ തോന്നുന്നത്. അത്തരത്തിലുള്ള പ്രസ്താവനകളായിരുന്നു ട്രംപ് നടത്തിയത്.
തന്റെ ഭരണകാലത്താണ് കോളജുകളിലും സർവകലാശാലകളിലും കറുത്തവർഗക്കാർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത്. തന്റെ ഭരണകാലത്താണ് കറുത്ത വർഗക്കാർക്കിടയിലെ ദാരിദ്യ്ര നിർമാർജനത്തിന് ഏറ്റവും കൂടുതൽ നടപടികൾ സ്വീകരിച്ചത്. തന്റെ ഭരണകാലയളവിലാണ് കറുത്ത വർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസ്താവനകൾ നടത്തി ട്രംപ് കറുത്തവർഗ്ഗക്കാരെ ഇങ്ങനെ സ്നേഹിച്ചുകൊണ്ടേയിരിക്കുകയാണ്.