തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് ജീവനക്കാർക്ക് ശമ്പളവർദ്ധനവില്ല; തികഞ്ഞ അവഗണനയെന്ന് പരാതി

single-img
19 July 2020

രാജ്യത്തെ സാധാരണക്കാരുടെ പട്ടിണി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച പദ്ധതിയാണ് 2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാൽ ഈ പദ്ധതിയുടെ നടത്തിപ്പ് ജീവനക്കാരിൽ ഒരുവിഭാഗം വർഷങ്ങളായി അർഹമായ ശമ്പളവർദ്ധനവോ ആനുകൂല്യങ്ങളോ ലഭിക്കാതെ അവഗണിക്കപ്പെടുകയാണെന്ന് പരാതി.

കേരളത്തിലെ എല്ലാ കരാർ ജീവനക്കാരെയും ദിവസവേതനക്കാരെയും കാറ്റഗറി തിരിച്ച് ശമ്പളം നിശ്ചയിക്കുകയും അത് വർഷാവർഷം നവീകരിക്കുകയും ചെയ്യുന്ന ഒരു ഉത്തരവ് സംസ്ഥാ‍ന സർക്കാർ 2016-ൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിൽ ഒരു വിഭാഗത്തിലും പെടുത്താതെ തങ്ങളെ അവഗണിക്കുകയായിരുന്നു എന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാർ പറയുന്നത്. പതിമൂന്ന് വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്ക് അർഹമായ ശമ്പളമോ ജോലിസ്ഥിരതയോ ഇല്ലാതിരിക്കുന്നതിലെ അനീതിയും ഇവർ ചൂണ്ടിക്കാട്ടുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കേന്ദ്രസർക്കാരിൽ നിന്നായതിനാൽ ഇവരുടെ ശമ്പളം സംസ്ഥാന സർക്കാരിന് ഒരു ബാധ്യതയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള പദ്ധതി നടത്തിപ്പിനായി ഫണ്ടിൽ നിന്നും 6 ശതമാനം തുക മാറ്റിവെയ്ക്കാമെങ്കിലും വർഷങ്ങളായി ഈ തുക പൂർണ്ണമായും വിനിയോഗിക്കപ്പെടാതെ പോകുകയാണ്.

ഗ്രാമപഞ്ചായത്ത് തലത്തിലെ ടെക്‌നിക്കൽ അസിസ്റ്റൻൻറുമാർക്ക് 03/07/2020 തീയ്യതിയിലെ 1329/2020 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം കാറ്റഗറി എട്ടിൽ ഉൾപ്പെടുത്തി (നിലവിലുളളതിന്റെ 40ശതമാനം ഉയർത്തി) 30385 രൂപയായി ശമ്പളവർദ്ധനവ് അനുവദിച്ചിരുന്നു. എന്നിട്ടും ബിരുദവും, PGDCA യും, അവശ്യയോഗ്യതയായ അക്കൗന്റ് കം ഡാറ്റാ എന്ട്രി ഓപ്പറേറ്റർമാരും, സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി.ടെക് യോഗ്യതയുമുളള ഓവർസീയർ /എഞ്ചിനീയർമാരും അടങ്ങുന്ന തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ പാടെ അവഗണിക്കപ്പെടുകയാണ്.

കനത്ത ജോലിഭാരമുള്ള തങ്ങൾക്ക് ശമ്പളവർദ്ധനവ് ന്യായമായും ലഭിക്കേണ്ടതാണെന്നും സർക്കാർ അത് അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും NREG എമ്പ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി മനോജ് പി നാരായണൻ ഇവാർത്തയോട് പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് വർഷങ്ങളായി വെറും 13,200 രൂപയായിരുന്ന ശമ്പളം ഒറ്റയടിക്ക് 18500 രൂപയായി ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സർക്കാരിന് മുന്നിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ:

നിലവിലുളളതിൽ നിന്നും 50% ഉയർത്തി അടിസ്ഥാന ശമ്പളം നിശ്ചയിക്കുക.

10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരം സംവിധാനത്തിലേക്ക് കൊണ്ടുവരണം.

2 പ്രാവശ്യത്തെ കരാർ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഓരോ കരാർ ജീവനക്കാർക്കും പദ്ധതി കാലയളവ് വരെ ജോലിസ്ഥിരത ഉറപ്പുവരുത്തുക.

വാർഷിക ഇൻക്രിമെന്റ് അനുവദിക്കുക

പദ്ധതിയിലെ പ്രവൃത്തിപരിചയം കണക്കാക്കുമ്പോൾ ജോലി ചെയ്തത് വിവിധ പഞ്ചായത്തുകളിൽ ആണെങ്കിൽ അത് ന്യൂനതയായി കാണാതെ പദ്ധതിയിലെ പ്രവൃത്തിപരിചയം എന്നനിലയിൽ പരിഗണിക്കുക.

ആർജ്ജിത അവധി 30 ദിവസമാക്കുക.

കരാർ വ്യവസ്ഥയിൽ ജോലി നോക്കുന്ന ജീവനക്കാരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടി ഇൻഷുറൻസ് പദ്ധതി, അപകട മരണ സഹായം, പി.എഫ് എന്നിവ നടപ്പിലാക്കുക.

ഭരണച്ചിലവിന്റെ നിയന്ത്രണം ഉയർത്തിക്കാട്ടി കരാർ ജീവനക്കാർക്ക് ശമ്പളം തടഞ്ഞു വയ്ക്കുന്നതിനാൽ നിലവിലുള്ള ഉത്തരവിൽമാറ്റം വരുത്തി ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക.

പദ്ധതി നടത്തിപ്പിന് സഹായകമാകുന്ന നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്ന തൊഴിലുറപ്പു കൗൺസിലിൽ എൻ.ആർ.ഇ.ജി.എംപ്ലോയീസ് യൂണിയന്റെ 2 പ്രതിനിധികളെ ക്കൂടി ഉൾപ്പെടുത്തുക.

നിലവിൽ 4 കോടിക്കു മുകളിൽ തുകചിലവഴിക്കുന്ന പഞ്ചായത്തുകളിൽ അധികമായി ജീവനക്കാരുടെ നിയമനം നടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക.

കോവിഡ്19 രോഗം പടരുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികളും, പ്രവാസികളുമുൾപ്പെടെ വളരെയധികംപേർ ഇന്ന് തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്തുന്നുണ്ട് . കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിക്കുന്ന ഒരു പ്രധാനഘടകവും സ്ത്രീശാക്തീകരണം, അതുവഴിയുള്ള കുടുംബ ഭദ്രത എന്നിങ്ങനെ നിരവധി സംഗതികൾക്ക് കാരണവുമായ മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ ശമ്പളക്കാര്യം സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.