വ്യാജരേഖ ചമച്ച കേസ്: സ്വപ്‌ന സുരേഷിനെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

single-img
19 July 2020

വ്യാജരേഖ ചമച്ച കേസില്‍ സ്വപ്‌ന സുരേഷിനെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ വ്യാജ രേഖ ചമച്ച കേസിലാണ് നടപടി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വപ്‌ന ആള്‍മാറാട്ടം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് കേസില്‍ ഒന്നാം പ്രതിയാണ്. സ്വപ്നയെ രണ്ടാംപ്രതിയാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കി എന്നാണ് കേസ്.

എയര്‍ ഇന്ത്യ ഓഫീസറായിരുന്ന ഷിബുവിനെതിരെ 17 ഓളം സ്ത്രീകളെ ഉപയോഗിച്ച് പീഡന പരാതി നല്‍കിയ സംഭവത്തിലാണ് സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പീഡന പരാതി നല്‍കിയ സ്തീകളുടെ ഒപ്പുകള്‍ എല്ലാം സ്വപ്ന തന്നെ വ്യാജമായി ഇടുകയായരുന്നുവെന്നാണ് ആരോപണം. 

 എയര്‍ ഇന്ത്യ സാറ്റ്‌സ് എന്ന സ്ഥാപനത്തില്‍ സ്വപ്ന ജോലി ചെയ്യവേ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ബിനോയി ജേക്കമ്പിന് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. യത്ഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പരാതി ഇല്ലായിരുന്നുവെന്നും ബിനോയി ജേക്കബിന് ഷിബുവിനോടുളള വ്യക്തി വിരോധം തീര്‍ക്കുകയായിരുന്നുവെന്നും സ്വപ്ന സമ്മതിച്ചിരുന്നു.