കോവിഡ്; ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയില്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

single-img
19 July 2020

മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വിത്യസ്തമായി ഇപ്പോള്‍ രാജ്യത്ത് കോവിഡ് മരണ നിരക്കില്‍ വലിയ കുറവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇപ്പോള്‍ ഇന്ത്യയില്‍ 2.49 ശതമാനമാണ് മരണനിരക്കെന്നും ഇത് ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണെന്നും മന്ത്രാലയം അറിയിപ്പില്‍ പറഞ്ഞു.

രോഗബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ ലഭിക്കുന്ന മികച്ച ചികിത്സയാണ് ഇതിന് കാരണമെന്നും മന്ത്രാലയം പറയുന്നു. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഇവയില്‍ തന്നെ മണിപ്പുര്‍, നാഗാലാന്റ്, സിക്കിം, മിസോറം, ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് പൂജ്യമാണ്.

തൊട്ടുപിന്നില്‍ കേരളം, ത്രിപുര, അസം എന്നിവയടക്കം 14 സംസ്ഥാനങ്ങളില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു. തുടക്കത്തില്‍ 2.82 ശതമാനമായിരുന്ന ഇന്ത്യയിലെ കോവിഡ് മരണനിരക്ക് കഴിഞ്ഞ മാസത്തോടെ 2.72 ശതമാനമായി കുറയുകയായിരുന്നു.

ഈ മാസം 10 ഓടെ അത് വീണ്ടും 2.49 ശതമാനമായി കുറഞ്ഞു. രോഗം ബാധിച്ചവര്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്. അതേപോലെ തന്നെ കാര്യക്ഷമമായ കണ്ടെയ്ന്‍മെന്റ് നടപടികള്‍, വ്യാപകമായ പരിശോധന, സമഗ്രവും നിലവാരം ഉറപ്പുവരുത്തിക്കൊണ്ടുള്ളതുമായ ചികിത്സാ പദ്ധതികള്‍ എന്നിവ ഉറപ്പാക്കിയതുമൂലമാണ് മരണനിരക്ക് ഇത്രയധികം കുറയ്ക്കാനായത്.എന്നും മന്ത്രാലയം വ്യക്തമാക്കി.