ഇതിഹാസ താരങ്ങള്‍ എന്ന് വിലയിരുത്തുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാനാവാതെ പോയ കളിക്കാരെ അറിയാം

single-img
17 July 2020

ഏകദിന- ടി ട്വന്റി അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ കൂട്ടത്തില്‍ വിലയേറിയ താരങ്ങളാണ് ലസിത് മലിംഗയും ഷാഹിദ് അഫ്രീദിയും മൈക്കില്‍ ബാവനുമെല്ലാം.നിശ്ചിത ഓവറില്‍ ക്രിക്കറ്റില്‍ തിളങ്ങിയ ഇവരുടെ ടെസ്റ്റ് കരിയര്‍ പക്ഷെ ടെസ്റ്റില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ലസിത് മലിംഗ: ശ്രീലങ്ക എന്ന രാജ്യം ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച അതുല്യനായ പേസ് ഇതിഹാസം. അതിവേഗ യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്‍ വിക്കറ്റ് തെറിപ്പിക്കുന്ന മലിംഗ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാജാവായി വാഴുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയുടെ മികച്ച ബാറ്റ്സ്മാന്‍ കൂടിയായ ആദം ഗില്‍ക്രിസ്റ്റിനെ പുറത്താക്കി ആദ്യ ടെസ്റ്റ് വിക്കറ്റ് ആഘോഷിച്ച മലിംഗ പക്ഷെ 30 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 101 വിക്കറ്റ് മാത്രമാണ്.

തുടര്‍ച്ചയായ പരിക്ക് ദീര്‍ഘദൂര ഫോര്‍മാറ്റില്‍ മലിംഗയ്ക്ക് വില്ലനായപ്പോള്‍ 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മലിംഗ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീലങ്കന്‍ ടി20 ടീമില്‍ ഇപ്പോഴും സജീവമാണ് മലിംഗ.

ഷാഹിദ് അഫ്രീദി: പാക് മുന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയുടെ ടെസ്റ്റ് കരിയറും അത്ര മികച്ച ഒന്നായിരുന്നില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഓള്‍റൗണ്ടറായി കളം നിറയുമ്പോഴും ടെസ്റ്റ് കരിയറില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരം ലഭിച്ചില്ല. തന്റെ കരിയറില്‍ 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റുമാണ് അഫ്രീദിയുടെ പേരിലുള്ളത്‌. നിശ്ചിത ഓവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ 2006ല്‍ അഫ്രീദി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

യുവരാജ് സിങ്: ഇന്ത്യന്‍ ടീമിന്റെ രണ്ട് ലോകകപ്പ് കിരീടത്തിന് പിന്നിലും യുവരാജ് സിങ് എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറിലെതാരമായ യുവരാജിന് ടെസ്റ്റ് കരിയറില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കരിയറില്‍ 40 ടെസ്റ്റില്‍ നിന്ന് 33.9 ശരാശരിയില്‍ 1900 റണ്‍സ് മാത്രമാണ് യുവരാജ് നേടിയത്. ഇവയില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. അടുത്തിടെ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവി ഇപ്പോഴും വിദേശ ലീഗുകളില്‍ കളിക്കുന്നുണ്ട്.

മൈക്കിള്‍ ബെവന്‍:ഈ മുന്‍ ഓസീസ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഏകദിനത്തിലെ സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും ടെസ്റ്റില്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ല. ഓസ്ട്രേലിയന്‍ ടീമില്‍ 18 ടെസ്റ്റ് മാത്രമാണ് ബെവാന്‍ കളിച്ചത്. ഇവയില്‍ നിന്നും 29.07 ശരാശരിയില്‍ 785 റണ്‍സും 29 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ലാന്‍സ് ക്ലുസ്‌നെര്‍: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ലാന്‍സ് ക്ലുസ്‌നെറില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും കേവലം 49 മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ ഒതുങ്ങി. കരിയറില്‍ 32.86 ശരാശരിയില്‍ 1906 റണ്‍സും 80 വിക്കറ്റുമാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്.

ഇന്ത്യക്കെതിരേ നടന്ന അരങ്ങേറ്റ ടെസ്റ്റില്‍ 64 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ ക്ലുസ്‌നെര്‍ ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ നീണ്ടില്ല. അതേസമയം 171 ഏകദിനത്തില്‍ നിന്ന് 3576 റണ്‍സും 192 വിക്കറ്റും ക്ലുസ്‌നെറിന്റെ പേരിലുണ്ട്.