കൂടത്തായി കേസ് അട്ടിമറിച്ച് ജോളിയെ രക്ഷിക്കാൻ അഭിഭാഷകർ ഒരുമിക്കുന്നു: അന്വേഷണ സംഘത്തലവനായിരുന്ന കെ ജി സൈമണിൻ്റെ റിപ്പോർട്ട്

single-img
17 July 2020

കൂടത്തായി കൊലപാതക പരമ്പരക്കേസ് അട്ടിമറിക്കാൻ നീക്കം.  വിചാരണവേളയില്‍ കേസ് അട്ടിമറിക്കാന്‍ രഹസ്യനീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തലവനായിരുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. 

https://youtu.be/WEYZJkCQ7sE

കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടു ചേര്‍ന്ന രഹസ്യ യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിനെതിരെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനെ കേസില്‍ പ്രതി ചേര്‍ത്തതും മുഖ്യപ്രതി ജോളി ജോസഫ് നിയമോപദേശം തേടിയ അഭിഭാഷകനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചതെന്നാണ് സൂചനകൾ പുറത്തു വരുന്നത്. 

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി വധക്കേസുകളുടെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെയുള്ള ഈ നീക്കം ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കേസില്‍ പ്രതിയാകുമെന്നു കരുതിയ ചിലരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള ചിലരുടെ നിരാശയും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് സൂചനകൾ. 

റോയ് തോമസിന്റെ ചില ബന്ധുക്കള്‍ക്ക് പൊലീസ് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്നും ഇവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണസംഘത്തലവന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

17 വർഷങ്ങൾക്കിടെ ബന്ധുക്കളായ ആറ് പേരുടെ കൊലപാതകമാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകപരമ്പര എന്ന പേരിൽ അറിയപ്പെടുന്നത്. കേസിൽ 2002 ഓഗസ്റ്റ് 22നായിരുന്നു ആദ്യത്തെ കൊല നടക്കുന്നത്. ജോളിയുടെ ആദ്യഭര്‍ത്താവിന്‍റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. 

പിന്നീട് ആറ് വർഷത്തിനുശേഷം സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകവും നടന്നു. അന്നമ്മയുടെ ഭർത്താവ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, മാത്യു മഞ്ചാടി, രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ, ഷാജുവിന്‍റെ ആദ്യ ഭാര്യ എന്നിവരാണ് കൂടത്തായിയിൽ കൊല്ലപ്പെട്ടത്.