വർഷയെ ഉപയോഗിച്ച് ചിലർ സോഷ്യൽ മീഡിയ ചാരിറ്റിയെ തകർക്കാൻ ശ്രമിക്കുന്നു: ഫിറോസ് കുന്നുംപറമ്പിൽ

single-img
17 July 2020

മാതാവിന്റെ ചികിത്സയ്ക്ക് ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാൻ അനുവദിക്കാത്തതിനു ഭീഷണി നേരിടുന്ന കണ്ണൂർ സ്വദേശിനി വർഷ പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങളെത്തുന്നു. സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഇത്തവണ രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് ഫിറോസ് നിലപാട് വ്യക്തമാക്കിയത്. വർഷയെ കുറ്റപ്പെടുത്തുന്നതിനു മുന്നേ അതിന്റെ യാഥാർഥ്യം മനസിലാക്കേണ്ടതുണ്ടെന്ന് ഫിറോസ് പറയുന്നു. വർഷയുടെ വിഷയത്തിൽ ഒരുപാടു നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫിറോസ് പറയുന്നു.

വർഷയുടെ വിഷയം സാജൻ കേച്ചേരിയുടെ അടുത്തെത്തുന്നതിനു മുന്നേ ഒരാൾ എന്നെ അറിയിച്ചിരുന്നു. പിന്നീട് സാജൻ കേച്ചേരി വർഷയുടെ അവസ്ഥ മനസ്സിലാക്കി വിഡിയോ ചെയ്തു. അതു ഷെയർ ചെയ്യണമെന്ന് എന്നോടും പറഞ്ഞു. വിഡിയോ കണ്ടപ്പോൾ തന്നെ ഞാനവരോടു വിളിച്ചു പറഞ്ഞതു നല്ല പണം ലഭിക്കുമെന്നാണ്. ഞാനും വിഡിയോ ഷെയർ ചെയ്യും. അന്നു ഞാൻ അവരോടു പറഞ്ഞത് അമ്മയ്ക്കു ചികിൽസയ്ക്കു വേണ്ട പണത്തിന്റെ ബാക്കി വരുന്ന തുക മറ്റ് ആവശ്യക്കാർക്കു നൽകുമോ എന്നാണെന്നും ഫിറോസ് പറയുന്നു.

ആ പെൺകുട്ടി ലൈവിൽ വന്നു സംസാരിച്ച വാക്കുകളൊക്കെ എല്ലാവരും കേട്ടതാണ്. അവൾ പറഞ്ഞതൊക്കെ സത്യമാണ്. ഒരുപാട് സ്നേഹത്തോടെയാണ് അവർ സാജൻ കേച്ചേരിയെക്കുറിച്ചു പറഞ്ഞത്. എൻ്റെ മൊബൈലിൽ ഗൂഗിൾ പേ അക്കൗണ്ടിൽ ലക്ഷക്കണക്കിനു പണമുണ്ട്. അത് ആവശ്യക്കാർക്കു വീതിച്ചു നൽകിക്കോളൂ എന്നാണ് ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിനു മുമ്പായി പറഞ്ഞത്.

ആ കുട്ടി ഓപ്പറേഷൻ കഴിഞ്ഞ് തിരികെ എത്തിയിട്ട് ആ കുട്ടിയുടെ കൈ കൊണ്ട് തന്നെ വീതിച്ച് നൽകാമെന്നാണ് അവരുടെ നല്ല മനസ്സുകൊണ്ട് കരുതിയത്. ദൈവതുല്യരായി നിന്നത് സാജൻ കേച്ചേരിയും ഷഹീൻ കെ മൊയ്തീനും പി.എം.എ. സലാമും സുശാന്ത് നിലമ്പൂരും ഫിറോസ് കുന്നംപറമ്പിലുമൊക്കെയാണെന്ന് ആ കുട്ടി പറഞ്ഞിരുന്നല്ലോ. ആ കുട്ടി 100 ശതമാനം ബാക്കിയുള്ള പണം മറ്റുള്ളവർക്ക് നൽകാൻ തയാറാണ്. അവൾക്ക് ആ ഒരു കോടി തുക വേണമെങ്കിൽ അവൾ ആ ഫോൺ സാജൻ കേച്ചേരിയെ ഏൽപ്പിക്കുകയില്ലായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. 

എന്നാൽ ഇപ്പോൾ ആ പെൺകുട്ടിയെ ഉപയോഗിച്ച് സോഷ്യൽ മീഡിയ ചാരിറ്റിയെ തകർക്കുകയാണ്. ആ പെൺകുട്ടി ഇവരുടെ വലയിൽ കുടുങ്ങിപ്പോയി. 21 വയസ്സ് മാത്രമുള്ള പെൺകുട്ടിയാണ്. അവളെ സഹായിക്കാൻ ആരുമില്ല എന്ന് ആ കുട്ടി പറഞ്ഞതിന്റെ ചുരുക്കം സാമ്പത്തികമായി സഹായിക്കാൻ ആരുമില്ല എന്നാണ്. വർഷ അങ്ങനെ പറയുന്നതിനു പിന്നിൽ ചില ആളുകളുടെ ഗൂഢാലോചനയാണ്. പലരും അവളെ തെറ്റിദ്ധരിപ്പിച്ചതാണ്– ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.