നിയമങ്ങൾ അട്ടിമറിച്ച രാമചന്ദ്രൻ വ്യാപാരശാല തലസ്ഥാന നഗരിയെ കുരുതികൊടുത്തു: വ്യാപാര ശാലയിലെ 61 ജീവനക്കാർക്കു കൂടി കൊവിഡ്

single-img
16 July 2020

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് രാമചന്ദ്ര വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊവിഡ്. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ  ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കുന്നവരാണ് ജീവനക്കാര്‍.

കോവിഡ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽനിന്നും ഈ വസ്ത്രവ്യാപാര ശാലയിലേക്ക് ജോലിക്കെത്തിയ ജീവനക്കാരെ നേരിട്ട് ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നുള്ളത് നേരത്തേ വാർത്തയായിരുന്നു. തമിഴ്നാട്ടിൽ നിന്നും എത്തുന്നവർ നിശ്ചിതദിവസം ക്വാറൻ്റെെനിൽ പ്രവേശിക്കണം എന്ന നിയമത്തെ അട്ടിമറിച്ചാണ് ടെക്സ്റ്റൈൽസ് ഉടമകൾ ഈ നടപടി കൈക്കൊണ്ടത്. 

രാമചന്ദ്രൻ ടെക്സ്റ്റെെൽസിന് നിയമം വേറേ: കോവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ നിന്നുമെത്തിയവരെ ക്വാറൻ്റെെനില്ലാതെ ജോലിക്കുവച്ച് തിരുവനന്തപുരത്തെ ടെക്സ്റ്റെെൽസ്

തമിഴ്‌നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികളാണ് രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിൽ ജോലിക്കെത്തിയത്. ക്വാറന്റീൻ പ്രോട്ടോക്കോൾ ലംഘിച്ച കുറ്റത്തിന് രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ ഫോർട്ട് പോലീസ് കേസെടുത്തിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്നു ജോലിക്കു കയറിയ ജീവനക്കാർ രാത്രിയിൽ അവരുടെ ലഗേജുമായി ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് സമീപവാസികൾ ഇക്കാര്യം ശ്രദ്ധിച്ചത്. 

സമീപവാസികളുടെ പരാതിയുടെ പുറത്ത് രാമചന്ദ്രനെതിരെ പോലീസ് നടപടി ഉണ്ടാകുകയായിരുന്നു. ജീവനക്കാർ ക്വീറന്റീൻ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ബോധ്യമായതോടെ സമീപത്തുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും തൊഴിലാളികൾ എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. 

ഇതോടെയാണ് മതിയായ രേഖകളില്ലാതെയാണ് തൊഴിലാളികൾ എത്തിയതെന്ന് ബോധ്യമായത്. ക്വാറൻ്റെെൻ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ബോധ്യമായതോടെ ജീവനക്കാരെ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് ടെക്‌സ്‌റ്റൈൽ ഉടമകൾക്കെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. ടെക്സ്റ്റെെൽസ് മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് പറയുന്നത്. 

തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 157പേരില്‍  130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ പരിസരപ്രദേശങ്ങളിലാണ്. രോഗബാധിതരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. 

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാക്കും. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയവും പരിസരവുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്  സെന്ററാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.