ഇനി ഹെെഡ്രജൻ വാഹനങ്ങളുടെ കാലം: ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ നിർമാണത്തിന് കേന്ദ്രസർക്കാർ അനുമതിനൽകി

single-img
15 July 2020

കേന്ദ്രസർക്കാർ ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ നിർമാണത്തിന് അനുമതിനൽകി. ഹ്രൈഡജൻ ഫ്യൂവൽ സെൽ വാഹനങ്ങളുടെ നിർമാണത്തിനുള്ള കരട് രൂപരേഖയാണ് കേന്ദ്ര ഉപരിതലമന്ത്രാലയം ഇറക്കിയത്. ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങുണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വെെദ്യുത വാഹനങ്ങൾക്കു ബദലായാണ് ഹെെഡ്രജൻ വാഹനങ്ങൾ നിരത്തിലെത്തുന്നത്. ബാറ്ററി ചാർജ് ചെയ്യാൻ നാലും അഞ്ചും മണിക്കൂർ വേണ്ടിവരുന്നതാണ് വൈദ്യുതിവാഹനങ്ങളുടെ പ്രധാന പോരായ്മ. ഹൈഡ്രജൻ ഫ്യൂവൽസെൽ വാഹനങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളിലേതുപോലെ മിനിറ്റുകൾക്കുള്ളിൽ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാൻ കഴിയുമെന്നുള്ളതാണ് പ്രത്യേകത. മാത്രമല്ല ഇന്ധനം നിറയ്ക്കുവാനായി പെട്രോൾ ബങ്കുകളുടെ മാതൃകയിൽ ഹൈഡ്രജൻ റീ ഫില്ലിങ് സെന്ററുകൾ സജ്ജീകരിക്കാം. വൈദ്യുതിവാഹനങ്ങളെക്കാൾ ഇന്ധനക്ഷമത കൂടുതലാണ് ഹെെഡ്രജൻ ഉപയോഗിച്ചോടുന്ന വാഹനങ്ങൾക്ക് എന്നുള്ളതും ഈ രീതി ജനപ്രിയമാക്കുന്നു. 

പ്രധാനപ്പെട്ട മറ്റു ചില ഗുണങ്ങളും ഹെെഡ്രജൻ വാഹനങ്ങൾക്കുണ്ട്. പരിസ്ഥിതിമലനീകരണം ഉണ്ടാവില്ല. അതേസമയം ചെലവ് കൂടുതലാണെന്നതാണ് പോരായ്മ. എന്നാൽ, സാങ്കേതികവിദ്യ വികസിക്കുന്നതനുസരിച്ച് ചെലവ് കുറയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. അതിൻ്റെ ഭാഗമായി ഈ മേഖലയിൽ പഠനങ്ങൾ നടക്കുന്നുവരികയുമാണ്. 

ഹൈഡ്രജൻ ഫ്യൂവൽസെൽ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ഇലക്‌ട്രോ കെമിക്കൽ എൻജിനുകളാണ്. ഓക്സിജനുമായി ചേർത്ത് ഹൈഡ്രജനെ ഇലക്‌ട്രോ കെമിക്കൽ സെല്ലിലേക്ക് കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോൾ ഉണ്ടാകുന്ന ഇലക്‌ട്രോൺ പ്രവാഹമാണ് വൈദ്യുതിയായി മാറുന്നത്. വാഹനങ്ങളെ ചലിപ്പിക്കുന്ന മോട്ടോറിന് ഇവിടെനിന്നാണ് ഊർജം ലഭിക്കുന്നതും. 

വാഹനത്തിൽ പിടിപ്പിച്ച ബാറ്ററികളിൽനിന്ന് ഊർജമെടുത്താണ് ഇലക്‌ട്രിക് വാഹനങ്ങൾ ഓടിക്കുന്നത്. വാഹനത്തിന്റെ ഘടനയിൽ കാര്യമായ മാറ്റംവരുത്താതെതന്നെ ഹൈഡ്രജൻ ടാങ്ക് ഘടിപ്പിക്കാനാകുമെന്നുള്ളതിനാൽ വാഹന ഉടമകൾക്കും ഇത്തരം രീതിയോട് അനുകൂല മനോഭാവമാണ്. 

കാര്യങ്ങൾ ഈ രീതിയിൽ പുരോഗമിക്കേ ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങളുടെ ഉപയോഗക്ഷമതയെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചും പഠിക്കുവാൻ തിരുവനന്തപുരം ശ്രീചിത്രതിരുനാൾ എൻജിനിയറിങ് കോളേജിന് കേന്ദ്രാനുമതി ലഭിച്ചു. കേരളമാണ് ആദ്യ പ്രോജക്ട്‌ അവതരിപ്പിച്ചത്. ഹൈഡ്രജൻ, ഫ്യൂവൽസെൽ എന്നിവയുടെ നിർമാണച്ചെലവ് കുറയ്ക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ. കെ. പ്രഭാകരൻനായർ ഇതുസംബന്ധിച്ച് വ്യക്തമാക്കി.