യഥാര്‍ത്ഥ അയോധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളില്‍; ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

single-img
13 July 2020

അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയും നേപ്പാളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ പുതിയ അവകാശ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രംഗത്തെത്തി. ശരിയായ അയോധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞു എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീരാമന്‍ ഒരു ഇന്ത്യക്കാരന്‍ അല്ലെന്നും ശര്‍മ ഒലി പറഞ്ഞതായി നേപ്പാളില്‍ നിന്നുള്ള മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

അതിന് പിന്നാലെ ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കുകയും നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലിയും ഭൂപടം പ്രാബല്യത്തില്‍ വരുത്തുന്ന ബില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.