ക്ഷേത്ര ഭരണത്തിന് സമിതിയതുണ്ടാക്കണമെന്ന് സുപ്രീംകോടതി: അഹിന്ദുക്കൾ പാടില്ല

single-img
13 July 2020

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയും രാജകുടുംബം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ ഓരോ പ്രതിനിധികളും അടങ്ങുന്നതായിരിക്കണം സമിതിയെന്നും കോടതി വ്യക്തമാക്കി. 

അഹിന്ദുക്കള്‍ സമിതിയില്‍ ഉണ്ടാവരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന കാര്യത്തില്‍ സമിതിക്കു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ യുയു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചിന്റെ വിധി.  

കവനന്റില്‍ ഒപ്പുവച്ച രാജാവിന്റെ മരണത്തോടെ ക്ഷേത്ര നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് യുയു ലളിത് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ഭരണത്തിനായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം കോടതി അംഗീകരിച്ചു. പുതിയ ഭരണ സംവിധാനത്തിന്റെ ഭരണഘടന തയാറാവും വരെ താല്‍ക്കാലിക സമിതി ഭരണം തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.