കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു


കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസ് ഏറ്റുമുട്ടലിന് ഇടയിലാണ് കൊല്ലപ്പെട്ടതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വരും വഴി അകമ്പടി വാഹനം മറിയുകയും വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
ഈ സമയം പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവില്‍പോവുകയായിരുന്നു.