സ്വപ്നയ്ക്ക് ജാമ്യം കിട്ടാനിടയില്ല: ജാമ്യാപേക്ഷയിൽ തന്നെ കുറ്റസമ്മതമൊഴിയുണ്ടെന്നു അഡ്വ. രാം കുമാർ

single-img
10 July 2020

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നാ സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ കസ്റ്റംസിനായി എത്തുക അഡ്വ. രാംകുമാറെന്നു റിപ്പോർട്ടുകൾ. ജാമ്യാപേക്ഷയില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും രാംകുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. 

സ്വപ്നാ സുരേഷിന്റെ ജാമ്യാപേക്ഷയില്‍ തന്നെ കുറ്റസമ്മതമുണ്ട് എന്നതാണ് ജാമ്യാപേക്ഷ തള്ളാന്‍ കസ്റ്റംസ് ഉന്നയിക്കുന്ന പ്രധാന വാദങ്ങളില്‍ ഒന്ന്. 2019 സെപ്തംബറില്‍ യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചു എന്ന് പറയുന്ന സ്വപ്നാ സുരേഷ് അതിന് ശേഷവും തന്റെ സേവനം കോണ്‍സുലേറ്റ് പ്രയോജനപ്പെടുത്തിയിരുന്നു എന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിനും സ്വപ്നാ സുരേഷ് മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ്ണം പിടിച്ച ശേഷം ആദ്യം വിളി പോയത് സ്വപ്നാ സുരേഷിനായിരുന്നുവെന്നും വക്കീൽ ചൂണ്ടിക്കാട്ടി. 

അവര്‍ സ്വര്‍ണ്ണം വിട്ടുകൊടുക്കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടത് എന്തിനാണ്? ഇക്കാര്യം ആവശ്യപ്പെട്ട് കസ്റ്റംസിന് ഇ മെയില്‍ അയയ്ക്കുകയും ചെയ്തു. കോണ്‍സുലേറ്റില്‍ ഒരു തരത്തിലും അംഗമല്ലാത്ത പുറത്തുള്ള ഒരാള്‍ എന്തിനാണ് ഈ വിഷയത്തില്‍ ഇടപെട്ടത് എന്ന ചോദ്യവും കസ്റ്റംസ് ഹൈക്കോടതിയില്‍ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതിനെല്ലാം പുറമേ എന്‍ഐഎ ആക്ട് അനുസരിച്ച് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന കുറ്റത്തിന് ജാമ്യം നല്‍കാന്‍ വകുപ്പില്ലെന്നും വാദിക്കും. രാജ്യരക്ഷയെ ബാധിക്കുന്ന കേസായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ കേസിനെ പരിഗണിക്കുന്നത്. കേന്ദ്ര നിലപാട് കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിരുദ്ധമായ മൊഴികളാണ് ജാമ്യാപേക്ഷയില്‍ നല്‍കിയിട്ടുള്ളതെന്നും പറഞ്ഞു.