എങ്ങിനെ സച്ചിനെ പുറത്താക്കാം എന്ന് ആലോചിക്കാൻ മാത്രം ധാരാളം മീറ്റിങ് കൂടിയിട്ടുണ്ട്: നാസര്‍ ഹുസൈന്‍

single-img
5 July 2020

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ഏറ്റവും മികച്ച നായകന്മാരിലൊരാളായിരുന്നു നാസര്‍ ഹുസൈന്‍. സൗരവ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ ഇംഗ്ലണ്ടിന്റെ നായകന്‍ നാസര്‍ ഹുസൈനായിരുന്നു. ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നട്ടെല്ലായി നില്‍ക്കുന്ന കാലവുമായിരുന്നു അത്.

ഇപ്പോള്‍ ഇതാ അന്നത്തെ ഇന്ത്യക്കെതിരായ മത്സരങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നാസര്‍ ഹുസൈന്‍. ഇതില്‍ പ്രധാനമായും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയിരുന്ന ബാറ്റിങ്ങിനെക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. സച്ചിന്റെ ബാറ്റിങ് വളരെ മികച്ച സാങ്കേതിക മികവോടെയായിരുന്നു. താന്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരിക്കെ സച്ചിനെ എങ്ങനെ പുറത്താക്കാം എന്ന കാര്യം ആലോചിക്കുന്നതിനുവേണ്ടി മാത്രം എത്ര മീറ്റിങ് കൂടിയിട്ടുണ്ടെന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു നാസറിന്റെ പ്രതികരണം .

ക്രിക്കറ്റ് ഇന്‍സൈഡ് ഔട്ട് എന്ന് പേരുള്ള ഒരു പരിപാടിയിലാണ് നാസറിന്റെ അഭിപ്രായപ്രകടനം വന്നത് . അക്കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മികച്ച പ്രകടനമായിരുന്നു ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ പുറത്തെടുത്തിട്ടുള്ളത്.പല സമയങ്ങളിലും ഇംഗ്ലീഷ് ബൗളര്‍മാരുടെ ഉറക്കം കെടുത്താന്‍ സച്ചിനായിട്ടുണ്ട്. ആ സമയം സച്ചിനായിരുന്നു എതിരാളികളുടെ വലിയ വെല്ലുവിളി.