ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പ് വേണം; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

single-img
1 July 2020

ആരാണെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പ് വേണം. ആരേലും പറയുന്നത് കേട്ട് നമ്മളുടെ വിലപ്പെട്ട സമയം കളയരുത്. സംസ്ഥാനത്തിൽ ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, ഇനി നടക്കുകയുമില്ല എന്ന് ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്വം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് ഉത്തരവാദപ്പെട്ട സ്ഥലത്തിരിക്കുന്ന ആളാണല്ലോ. ആ ചുമതല അദ്ദേഹം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് ചീഫ് സെക്രട്ടറി കണ്ടെത്തിയത് കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മ്മാണ കരാറിലേക്ക് പോകാതിരുന്നത് എന്നാണ്. ആ വാചകങ്ങളെ സമര്‍ത്ഥിക്കാന്‍ ഫയലിന്റെ ഒരു ഭാഗവും അദ്ദേഹം ഉയര്‍ത്തിക്കാണിക്കുകയുണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു

ഒരു ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരുഭാഗം മാത്രം കണ്ടാല്‍ പോരല്ലോ. ആ ഫയലിന്റെ മുന്‍പും പിന്‍പുമുള്ളത് വിട്ടുപോകാന്‍ പാടില്ലല്ലോ. എന്നാല്‍ ഇവിടെ അതെന്തുകൊണ്ടാണ് ചിലത് വിട്ടുപോകുന്നതെന്ന് മനസിലാകുന്നില്ല. ഒരിക്കലും ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ താനെ നടന്ന് പോകില്ലല്ലോ എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇദ്ദേഹം ഉദ്ധരിച്ച ഭാഗത്തിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഒരു വാചകം അതില്‍ എഴുതിയിട്ടുണ്ട്. അത് ‘ചീഫ് സെക്രട്ടറി കാണുക’ എന്നാണ്.

അങ്ങിനെ എഴുതുന്നത് വഴി ഫയലില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതില്‍ അഭിപ്രായം പറയണം എന്നാവശ്യപ്പെടുന്നത് മുഖ്യമന്ത്രിയാണ്. പ്രതിപക്ഷ നേതാവ്ഈ ഭാഗമെന്തിനാണ് മറച്ചുവെച്ചത്. ഈ രീതിയിലെ പരിശോധനകളും അഭിപ്രായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഒന്നിലധികം തവണയാണ്.

തന്റെ കൈവശമുള്ള ഫയല്‍ ഒന്ന് മനസിരുത്തി വായിച്ചുനോക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തില്‍ ഭാവിയ്ക്ക് അനിവാര്യമായി പദ്ധതികള്‍ ഉപേക്ഷിക്കാനും പോകുന്നില്ല എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.