തൂത്തുക്കുടിയിലെ പോലീസ് കസ്റ്റഡി കൊലപാതകം; പ്രധാന പ്രതി തമിഴ്‌നാട് മുഖ്യമന്ത്രിയും സര്‍ക്കാരും: കമൽ ഹാസൻ

single-img
28 June 2020

നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. കഴിഞ്ഞദിവസം തൂത്തുക്കുടിയിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരിച്ച കടയുടമകളായ പിതാവിന്റെയും മകന്റെയും മരണത്തിൽ പ്രധാന പ്രതി തമിഴ്‌നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും ആണെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു. കമലും രജനീകാന്തും ഇന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു.

“പോലീസ് നടത്തുന്ന കൊലപാതകങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന സർക്കാരും മുഖ്യമന്ത്രിയും പ്രധാന പ്രതികളാണ്. കേസിലെ കുറ്റവാളികൾ, സഹായികൾ, നിശബ്ദരായ കാഴ്ചക്കാർ, ഈ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചവർ എന്നിവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്, ”കമൽ പറഞ്ഞു.

ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ അനുവദനീയമായ സമയത്തിനപ്പുറത്ത് തങ്ങളുടെ മൊബൈൽ ഫോൺ കട തുറന്നതിന് പി ജയരാജിനെയും മകൻ ഫെനിക്സിനെയും തൂത്തുക്കുടിയിൽ ജൂൺ 19 ന് പോലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് മർദ്ദനമേറ്റ ഇവർ നാലു ദിവസത്തിനുശേഷം അവർ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. നിലവിൽ തമിഴ്‌നാട് സർക്കാർ കേസ് സിബിഐയ്ക്ക് കൈമാറും എന്ന് അറിയിച്ചിട്ടുണ്ട്.