മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ നൽകി

single-img
26 June 2020

നടൻ മോഹൻലാലിന് എതിരെയുള്ള ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ നൽകി. അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചതിന് വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാനാണ് സർക്കാർ കുറുപ്പംപടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. 2012 ലാണ് മോഹൻലാലിന്റെ വസതിയിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുക്കുന്നത്. തുടർന്ന് മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ മോഹൻലാൽ അടക്കം നാലു പ്രതികളുണ്ട്. ഇതിൽ ഒരാൾ മരിച്ചു പോയിരുന്നു. 

പിൻവലിക്കാവുന്ന കേസാണ് ഇതെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ജൂലൈ 24 ന് കോടതി വീണ്ടും കേസ് പരി​ഗണിക്കും. കോടനാട് റേഞ്ച് ഓഫിസർ ജി ധനിക് ലാലാണ് കുറ്റപത്രം നൽകിയത്. നടന് ലഭിച്ച ആനക്കൊമ്പ് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നതിന് വനംവകുപ്പിന്റെ അനുമതിയുണ്ടായിരുന്നില്ല. കൊച്ചിയിലെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്. താരത്തോട് നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും അവധി അപേക്ഷ നൽകുകയായിരുന്നു.

സൃഹൃത്തുക്കളും സിനിമാനിര്‍മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാറും തൃശൂര്‍ സ്വദേശി പി കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്പ് കൈമാറിയത്. കെ കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസും മോഹന്‍ലാലിൻ്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂലൈ 22നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്നു കോടനാട്ടെ വനംവകുപ്പ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി.

തൊട്ടുപിന്നാലെ, മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശംവയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന്, ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എഎ പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.