സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും: ലോക് ഡൗൺ ജൂലൈ 31 വരെ നീട്ടി പശ്ചിമ ബംഗാൾ

single-img
25 June 2020

പശ്ചിമ  ബംഗാളില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കോവിഡ് രോഗം പടരുന്ന സാഹചര്യത്തിലാണു തീരുമാനം. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ജൂണ്‍ 30 വരെയുണ്ടായിരുന്ന ലോക്ക്ഡൗണ്‍ ജൂലൈ അവസാനം വരെ ഇളവുകളോടെ നീട്ടുന്നതായാണ് ബുധനാഴ്ച ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചത്. 

ബുധനാഴ്ച ബംഗാളില്‍ 445 പുതിയ കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 15,173 ആയി. 4,890 പേരാണ് ബംഗാളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് മരിച്ച 11 പേരുള്‍പ്പെടെ സംസ്ഥാനത്തു രോഗം ബാധിച്ചു മരിച്ചത് 591 പേര്‍. കോവിഡ് രോഗം അല്ലാതെ മറ്റു രോഗം ബാധിച്ചു ചികിത്സ തേടുന്നവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനും തീരുമാനമായി. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രോഗങ്ങള്‍ ബാധിക്കുന്നവര്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നു രാഷ്ട്രീയ കക്ഷികള്‍ യോഗത്തില്‍ നിലപാടെടുത്തു. സ്വകാര്യ ആശുപത്രികള്‍ ഉപയോഗിക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

ബിസിനസ് ചെയ്യാനുള്ള സമയമല്ല ഇത്. ഇത് മഹാമാരിയുടെ സമയമാണ്. അതുകൊണ്ടുതന്നെ സേവന മനോഭാവത്തോടെ ആശുപത്രികള്‍ പ്രവര്‍ത്തിക്കണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.