ഇന്ത്യയും ചെെനയും തമ്മിൽ യുദ്ധമുണ്ടാകില്ല, ജൂലെെയിൽ പ്രളയവും വരില്ല: പുതിയ പ്രവചനങ്ങളുമായി കലിയുഗ ജ്യോത്സ്യൻ

single-img
25 June 2020

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ ഒരു യുദ്ധത്തിലേക്ക് വഴി മാറില്ലെന്ന പ്രവചനവുമായി കലിയുഗ ജോത്സ്യൻ സന്തോഷ് നായർ. ഈവർഷം പ്രളയം ഉണ്ടാകില്ലെന്നും സാധാരണ രീതിയിലുള്ള മഴ മാത്രമേ കേരളത്തിൽ ഉണ്ടാകുകയുള്ളുവെന്നും ജോത്സ്യൻ പറയുന്നു. വലിയ രീതിയിൽ മഴയുണ്ടാകുമെന്നു കരുതി സർക്കാർ യെല്ലോ അലർട്ട് മറ്റും പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ ഇതിൻറെ ആവശ്യം ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

2020 സാധാരണ ജനങ്ങളെ സംബന്ധിച്ച് നല്ല വർഷമല്ലെന്നു താൻ 2018 ൽപറഞ്ഞിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ ചെറിയ രീതിയിലുള്ള ഉരസലുകൾ ഉണ്ടാകും. എന്നാൽ അത് ഒരിക്കലും ഒരു യുദ്ധത്തിലേക്കു വഴി മാറില്ല. ജ്യോതിഷപ്രകാരം തനിക്ക് ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

പ്രളയം സംഭവിക്കില്ലെന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നു. ഒരു കോടി രൂപ പന്തയവും വച്ചിരുന്നു. പ്രളയം വരും എന്ന് പറഞ്ഞിരുന്ന ശാസ്ത്ര വാദികൾ ഇനി എന്താണ് പറയുന്നതെന്ന് അറിയില്ലെന്നും സന്തോഷ് നായർ പറയുന്നു. 

കലിയുഗ ജോത്സ്യൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് നായരുടെ കൊറോണയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കൊറോണ വൈറസ് ലോകത്ത് വ്യാപിച്ച മാർച്ച് മാസത്തിലാണ് അദ്ദേഹം പ്രവചനം നടത്തിയത്. വെെറസ് വലിയ രീതിയിയിൽ വ്യാപിക്കില്ലെന്നും ലോകത്ത് ആകമാനം 25,000 ആളുകൾക്കുള്ളിൽ മാത്രമേ മരണപ്പെടുകയുള്ളുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

പ്രവചനത്തെ തള്ളിക്കളഞ്ഞുകൊണ്ട് കൊറോണവൈറസ് ലോകത്ത് ആകമാനം വ്യാപിക്കുകയും ലക്ഷക്കണക്കിനു ജനങ്ങൾ മരണപ്പെടുകയും ചെയ്തു. അതേസമയം തൻ്റെ പ്രവചനങ്ങൾ തെറ്റിയിട്ടില്ലെന്നും ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ച് മരണ ക്കണക്കിന് മാറ്റം ഉണ്ടായതാണെന്നും വ്യക്തമാക്കി അദ്ദേഹം പിന്നീട് രംഗത്ത് വരികയായിരുന്നു. 

2018 താൻ 51 പ്രവചനങ്ങൾ നടത്തിയതിൽ 37 പ്രവചനങ്ങൾ ശരിയായെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇന്ത്യ ചൈന യുദ്ധമോ ……??? കലിയുഗ ജ്യോതിഷൻ

Posted by Santhosh Nair on Tuesday, June 23, 2020