റഫീക് എത്തിയത് വരൻ എന്നു പറഞ്ഞ്, ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ വീട്ടുകാരുമായി അടുത്തു: നേരിട്ടു പോയി അന്വേഷിക്കാൻ കഴിഞ്ഞില്ലെന്ന് ഷംനാ കാസിം

single-img
25 June 2020

സിനിമാനടിയും നർത്തകിയുമായ ഷംന കാസിമിനെ വിവാഹം കഴിക്കാൻ ആലോചനയുമായെത്തിയ യുവാവും സംഘവും അറസ്റ്റിലായതിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് നടി ഷംനാ കാസിമിനെ  ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ നാലുപേരെ മരട് പൊലീസ് അറസ്റ്റുചെയ്‌തു. ഷംനയുടെ മാതാവ് റൗല നൽകിയ പരാതിയിലാണ് അറസ്‌റ്റ്.

തൃശൂർ വാടാനപ്പള്ളി ശാന്തിറോഡ് അമ്പലത്ത് റഫീഖ് (30), കുന്നംകുളം കൊരട്ടിക്കര ക്രിസ്ത്യൻപള്ളിക്ക് സമീപം കമേക്കാട്ട് രമേശ് (35), കയ്പമംഗലം പുത്തൻപുരം ശരത് (25), കൊടുങ്ങല്ലൂർ കുണ്ടലിയൂർ അമ്പലത്തുവീട്ടിൽ അഷറഫ് (52) എന്നിവരാണ് പിടിയിലായത്.

റഫീക്

വിവാഹം കഴിക്കാൻ താത്പര്യമറിയിച്ച് മാസങ്ങൾക്ക് മുമ്പ് വീട്ടിലെത്തിയ റഫീഖും സംഘവും വളരെവേഗം കുടുംബവുമായി അടുത്തു. വിവാഹാലോചനയുമായി മരടിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും മൊബൈലിൽ ചിത്രീകരിച്ചിരുന്നതായും കുടുംബം പറയുന്നു. പിന്നാലെയാണ് ഭീഷണി ആരംഭിച്ചത്. 

ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷംനയുടെ കരിയർ നശിപ്പിക്കുമെന്നായിരുന്നു പിന്നത്തെ ഭീഷണി. പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസീൽ പരാതി നൽകിയത്. പണം ആവശ്യപ്പെട്ട വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 

വിവാഹാലാേചനയുമായി എത്തിയ റഫീഖ് വേഗത്തിൽ വീട്ടുകാരുമായി അടുത്തുവെന്നും കോവിഡ് കാലമായതിനാൽ നേരിട്ടുപോയി അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും ഷംനാ കാസിം പറയുന്നു. റഫീഖ് പണം ചോദിച്ചതോടെ സംശയം തോന്നി. പരാതി നൽകിയതും കാര്യങ്ങൾ വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിന് ഇരയാകാതിരിക്കാനാണെന്നും ഷംന പറഞ്ഞു. 

രണ്ടു പ്രതികൾ ഒളിവിലാണ്. തൃശൂരിലെ വീടുകളിൽ നിന്നാണ് പ്രതികൾ അറസ്‌റ്റിലായത്. വഞ്ചന, ഭീഷണിപ്പെടുത്തൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാസങ്ങൾക്കുമുമ്പാണ് സംഭവമെങ്കിലും കോവിഡ് കാരണം പരാതി നൽകാൻ വൈകിയെന്നാണ് റൗലയുടെ വിശദീകരണം.