അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് കെെപിടിച്ചുയർത്തി കിംസ് ആശുപത്രി

single-img
22 June 2020

കൊല്ലം സ്വദേശിയായ ആറുവയസ്സുകാരിക്ക് ഇത്തവണത്തെ ജന്മദിനം പുതു ജീവിതത്തിൻ്റെ തുടക്കമാണ്. വലതു കാലിൽ അണലി കടിച്ചു ഗുരുതരാവസ്ഥയിൽ ആയിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്ത സന്തോഷത്തിൽ വീട്ടുകാർക്കും കിംസിലെ ഡോക്ടർമാർക്കുമൊപ്പമാണ്  ജന്മദിനം ആഘോഷിച്ചു.

കഴിഞ്ഞ ആഴ്ച പാമ്പുകടിയേറ്റ കൊല്ലം സ്വദേശിയായ കുട്ടിയെ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ ആരോഗ്യ നില വഷളാവുകയും വൃക്കകളുടെ പ്രവർത്തനം തകരാറിൽ ആകുകയും ചെയ്തതിനാൽ കുട്ടിയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് അടിയന്തിരമായി മാറ്റി. ഡോ. ഷാസിയ, ഡോ. അശ്വതി, നേഴ്‌സ് സ്‌നേഹ എന്നിവരുടെ നേതൃത്വത്തിലാണ് കിംസിലേക്കു രോഗിയെ മാറ്റിയത്.

കിംസിൽ എത്തിച്ച കുട്ടിക്ക് അടിയന്തര ചികിത്സയും ജീവൻരക്ഷാ മരുന്നുകൾ നൽകുകയും ചെയ്തു. പാമ്പുകടിയെ തുടർന്ന് കാലിൽ നീർവീക്കം ഉണ്ടായതിനാൽ കുട്ടി കമ്പാർട്‌മെന്റ് സിൻഡ്രോം എന്ന ഗുരുതരമായ മെഡിക്കൽ അവസ്ഥയിലേക്ക് പോവുക ആയിരുന്നു. പേശികൾക്കുള്ളിലെ മർദ്ദം അപകടകരമായ അളവിലേക്ക് വളരുമ്പോൾ ഉണ്ടാകുന്ന വേദനാജനകമായ അവസ്ഥയാണ് കമ്പാർട്ട്‌മെന്റ് സിൻഡ്രോം. പേശികളിലെ ഈ സമ്മർദ്ദം മൂലം രക്തയോട്ടം കുറയുകയും, നാഡികളിലെയും, പേശികളിലെയും കോശങ്ങളിൽ പോഷണവും, ഓക്‌സിജനും എത്തുന്നത് കുറയുകയും ചെയുന്നു. ഇതിനൊപ്പം തന്നെ ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള കഴിവ് ദുർബലമാകുകയും ചെയ്തു. ഇത് രക്ത സ്രാവം ഉണ്ടാവാൻ വരെ കാരണം ആകാവുന്ന അവസ്ഥ ആണ്. 

കിംസിൽ എത്തിയപ്പോൾ രോഗിക്ക് പുറത്തുനിന്ന് ലഭിച്ച 20 ഡോസ് ആന്റി സ്നേക്ക് വെനം കൂടാതെ 10 ഡോസ് ആന്റി വെനംകൂടി നൽകി. ശരീരത്തിന്റെ അപകടകരമായ നീർവീക്കവും സമ്മർദ്ദവും ഒഴിവാക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുകയും പാമ്പുകടി ഏറ്റതിന് ചുറ്റുമുള്ള ടിഷ്യു നീക്കം ചെയ്യുകയും ചെയ്തു. വൃക്കകളുടെ പ്രവർത്തനം കുറവ് ആയതിനാൽ അവയുടെ പ്രവർത്തനം സാധാരണ നിലയിൽ ആക്കുവാൻ സിആർആർടി ആരംഭിക്കുകയും ചെയ്തു.

കുട്ടിയുടെ ശ്വാസകോശത്തിലും ഹൃദയത്തിലും ദ്രാവകം ഉണ്ടായിരുന്നു അതിനൊപ്പം തന്നെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം 17,000 ആയി കുറയുകയും ചെയ്തു. രക്തസമ്മർദ്ദം നിലനിർത്തുന്നതിനായി മരുന്നുകൾ ആരംഭിക്കുകയും ചെയ്തു. കിംസിലെ തുടർന്നുള്ള ചികിത്സയിൽ, കുട്ടി ക്രമേണ സുഖം പ്രാപിക്കുകയും വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിൽ ആയപ്പോൾ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും ചെയ്തു. കുട്ടിയുടെ കാലിലെ മുറിവ് ഭേദം ആകാൻ സമയം എടുക്കുമെങ്കിലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടിയെ ഡിസ്ചാർജ് ചെയ്യും. ഇതൊരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലം ആണെന്ന് പീഡിയാട്രിക് ഐ.സി.യു ഇൻചാർജ്ജ് ഡോ. പ്രമീള ജോജി അഭിപ്രായപെട്ടു.

പീഡിയാട്രിക് ഐ.സി.യു വിഭാഗം ഡോക്ടർമാരായ ഡോ. നീതു , ഡോ. സ്വാതി, ഡോ. നിഷ, ഡോ. ഷിജു കുമാർ, നെഫ്രോളജിസ്‌റ് ഡോ. പ്രവീൺ, സർജന്മാരായ ഡോ. ഹരിഹരൻ, ഡോ. ഹൃദ്യ എന്നിവരാണ് കുട്ടിയെ ചികിത്സിച്ചത്.