രാജ്യസ്‌നേഹികളുടെ ഉറഞ്ഞു തുള്ളലില്ല, ഭീകരതക്കെതിരായ ആക്രോശങ്ങളില്ല, അലര്‍ച്ചയില്ല; കാരണം ലളിതം, നിഷ്കളങ്കം

single-img
22 June 2020

കശ്മീര്‍ ഡിഎസ്പി ദേവീന്ദര്‍ സിങ്ങ് ഭീകരരെ സഹായിച്ചതിൻ്റെ പേരില്‍ പിടിയിലായെങ്കിലും ജാമ്യം ലഭിച്ച നടപടിയെ വിമർശിച്ച് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്.  എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ ജാമ്യം ലഭിച്ച സംഭവത്തെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. 

ധീരജവാന്മാരുടെ ജീവത്യാഗത്തിനിടയില്‍ കൊടുംകുറ്റവാളിക്ക് സ്വെെര്യ വിഹാരം നടത്താന്‍ അവസരമൊരുക്കിയിരിക്കുകയാണെന്ന് രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

എംബി രാജേഷിന്റെ കുറിപ്പ്‌

ധീര ജവാന്‍മാരുടെ ജീവത്യാഗത്തിനിടയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവം നിങ്ങള്‍ അറിഞ്ഞിരുന്നോ? കൊടുംഭീകരരെ റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി വാഹനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായ കാശ്മീര്‍ ഡി.എസ്.പി.ദേവീന്ദര്‍ സിങ്ങിന് ജാമ്യം കിട്ടി!! എങ്ങിനെയെന്നറിയാമോ? കേസ് അന്വേഷിക്കുന്ന എന്‍ഐഎ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ !! എത്ര ലളിതം….. എത്ര നിഷ്‌കളങ്കം….

ഒരു കൊടും രാജ്യദ്രോഹിക്ക് ജാമ്യത്തിലിറങ്ങി സ്വൈരവിഹാരം നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുന്നു. അതും ധീര ജവാന്‍മാരുടെ ജീവത്യാഗത്തിനിടയില്‍.ഒരു സാധാരണ കുറ്റവാളിയുടെ കാര്യത്തില്‍ പോലീസിനാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചത് എന്ന് കരുതുക. എത്ര വലിയ ചര്‍ച്ചയും കോലാഹലവുമാകും ഉണ്ടാവുക? ഇവിടെ വീഴ്ച വരുത്തിയത് സാധാരണ പോലീസല്ല. ഭീകരകേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎ ആണെന്ന് പ്രത്യേകം ഓര്‍ക്കണം. സിങ്ങിനെ പിടിച്ച ഉടന്‍ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അയാളെ ചോദ്യം ചെയ്യാന്‍ കാശ്മീരില്‍ പോയത്.അതായത് ഉന്നത തലത്തില്‍ കൈകാര്യം ചെയ്യപ്പെട്ട കേസാണ്. അതിലെ പ്രതിയായ രാജ്യദ്രോഹിയാണ് ജാമ്യം നേടിയത്. പക്ഷേ മാദ്ധ്യമ ചര്‍ച്ചകളില്ല. ചോദ്യങ്ങളില്ല. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യമില്ല. രാജ്യസ്‌നേഹികളുടെ ഉറഞ്ഞു തുള്ളലില്ല. ഭീകരതക്കെതിരായ ആക്രോശങ്ങളില്ല. അലര്‍ച്ചയില്ല. ഞെട്ടലില്ല.

ആരാണ് മാദ്ധ്യമങ്ങളെ മുഴുവന്‍ നിശ്ശബ്ദരാക്കിയിരിക്കുക?

എന്താവാം കാരണം?

എന്താവാം ഇത്രപ്രധാനപ്പെട്ട കേസില്‍ ഗുരുതര വീഴ്ച ‘വരുത്തി’ യിരിക്കാന്‍ കാരണം?

എന്നിട്ടും ഒരാള്‍ക്കെതിരെയും വീഴ്ചക്ക് ഇതുവരെ നടപടി പോലും ഉണ്ടാവാതിരിക്കാന്‍ കാരണമെന്താവാം?

ഓര്‍ക്കുക പുല്‍വാമയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഈ ദേവിന്ദര്‍ സിങ്ങ്. എല്ലാം യാദൃഛികം മാത്രമാണെന്ന് വിശ്വസിച്ചോളണം. അല്ലെങ്കില്‍ ദേവീന്ദര്‍ സിങ്ങിനെങ്ങിനെ ജാമ്യം കിട്ടി എന്ന് ചോദിക്കുന്നവരായിരിക്കും രാജ്യദ്രോഹികള്‍.