കൂടത്തായ് കൂട്ടക്കൊലയിലെ പ്രതി ജോളിക്ക് സെക്സ് റാക്കറ്റുമായി ബന്ധം: വെെദികരടക്കമുള്ളവർക്കെതിരെ ജോളി നൽകിയ മൊഴി പൊലീസ് പൂഴ്ത്തിയതായി ആരോപണം

single-img
20 June 2020

കൂടത്തായ് കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി ജോസഫിൻ്റെ  സെക്‌സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് പൂഴ്ത്തിയതായി വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് വൈദികരടക്കം ചിലര്‍ക്കെതിരേ ജോളി പോലീസിനു മൊഴി നല്‍കിയിരുന്നുവെങ്കിലും ഉന്നതരുടെ ഇടപെടല്‍ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. .

ആദ്യ ഭര്‍ത്താവടക്കം പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ക്കു ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. ഇവര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നുവെന്നും മംഗളം ചൂണ്ടിക്കാട്ടുന്നു. 

ചാത്തമംഗലം എന്‍.ഐ.ടിക്കടുത്ത ഫ്‌ളാറ്റ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.ആരോപണ വിധേയരായ പുരോഹിതരടക്കമുള്ളവരെ പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തില്‍ ഒരു പുരോഹിതനടക്കം സംശയമുള്ള ഏതാനുംപേരെ ചോദ്യം ചെയ്യുന്നതിനു വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി. വീണ്ടും വിളിപ്പിക്കാമെന്ന വ്യവസ്ഥയില്‍ വിട്ടയച്ച ഇവരെ പിന്നീട് വിളിപ്പിച്ചതേയില്ല. കൊലപാതക പരമ്പരയ്ക്ക് സെക്‌സ് റാക്കുറ്റമായി ബന്ധമില്ലെന്ന നിലപാടാണ് പോലീസ് അന്ന് സ്വീകരിച്ചിരുന്നത്.

എന്‍ഐടിയിലെ ജോളിയുടെ ബന്ധത്തിൻ്റെ പേരില്‍ ഈ പ്രദേശത്തുള്ള ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ല. കൂടത്തായ് വധക്കേസില്‍ പ്രതികളാവേണ്ടവരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടര്‍ന്ന് കുറ്റപത്രത്തിലെ ആറുപേജ് മാറ്റി എഴുതിയായും വിവാദം ഉയര്‍ന്നിട്ടുണ്ട്.

വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ജോളിക്ക് കൂട്ടുനിന്ന തഹസില്‍ദാരെ കേസില്‍ പ്രതിചേര്‍ക്കാത്തതും വിവാദമായിട്ടുണ്ട്. നികുതി അടയ്ക്കുന്നതിനു വില്ലേജ് ഓഫീസില്‍ സൗകര്യം ചെയ്തുകൊടുത്തത് ഇവരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

സിലി വധക്കേസില്‍ ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവരെ ആദ്യം പ്രതികളാക്കിയിരുന്നവെങ്കിലും പിന്നീട് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനു ഗൂഢാലോചന നടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.