ചൈന ഇന്ത്യയിൽ വിറ്റഴിക്കുന്നത് 5.25 ലക്ഷം കോടി രൂപയുടെ സാധനങ്ങൾ; ഇന്ത്യയുടെ സർവ്വ മേഖലകളിലും ചെെനീസ് വ്യാപാര ആധിപത്യം: ഒഴിവാക്കുക എളുപ്പമല്ല

single-img
20 June 2020

ഇന്ത്യൻ സൈനികരെ ചൈന ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കാൻ വ്യാപകമായ പ്രചാരണം നടക്കുകയാനണ്. നയതന്ത്ര തലത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ കേന്ദ്രസർക്കാർ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്സ് കമ്പനികൾ അവർ വിൽക്കുന്ന ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമിച്ചതാണെന്ന് ഉറപ്പു വരുത്താൻ നിയമഭേദഗതി കൊണ്ടുവരുവാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ നീക്കങ്ങൾ എത്രത്തോളം ഫലവത്താകും എന്ന് പറയാനാകാത്ത സ്ഥിതിയിലാണ് ഇന്ത്യ-ചൈന വ്യാപാര ബന്ധം നിലനിൽക്കുന്നത്. 

ഇന്ത്യയിലേക്ക് ചൈന കയറ്റിയയക്കുന്നത് 7032 കോടി ഡോളർ അഥവാ 5.25 ലക്ഷം കോടി രൂപ വിലവരുന്ന സാധനങ്ങളാണ്. ഇന്ത്യ ചൈനയിലേക്കു കയറ്റി അയക്കുന്നതാകട്ടെ 1675 കോടി ഡോളർ അഥവാ 1.25 ലക്ഷം കോടി രൂപയുടെ സാധനങ്ങളും. ചൈനയുടെ മൊത്തം കയറ്റുമതിയുടെ രണ്ടു ശതമാനം  മാത്രമാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നതെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ ഇന്ത്യൻ കയറ്റുമതിയുടെ എട്ടു ശതമാനം പോകുന്നത് ചൈനയിലേക്കാണ്. ഈയൊരു സാഹചര്യത്തിൽ ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾ ബഹിഷ്കരിക്കുക എന്ന തീരുമാനം പ്രതികൂലമായി ബാധിക്കുന്നത് ഇന്ത്യയിൽ തന്നെയാണ് എന്നുള്ളതാണ് വസ്തുത. 

ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന മുറവിളിയ്ക്കിടയിൽ ഇന്ത്യ നേരിടുന്ന മറ്റൊരു നിർണായക പ്രശ്നം കൂടിയുണ്ട്. കേന്ദ്രസർക്കാരിൻ്റെ  തന്നെ പല മന്ത്രാലയങ്ങളും കരാർ നൽകിയിരിക്കുന്നത്  ചൈനീസ് കമ്പനികൾക്കാണ്. ഇവ ഉടൻ റദ്ദാക്കുക എളുപ്പമല്ല. ഉദാഹരണത്തിന് ഡൽഹിയിൽ നിന്നു മീററ്റിലേക്കുള്ള റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിൽ തുരങ്കം നിർമിക്കാനുള്ള കരാർ ചൈനയിലെ ഷാങ്ഹായ് ടണൽ എൻജിനീയറിങ് കമ്പനിക്കാണു നൽകിയിരിക്കുന്നത്. ഈ പദ്ധതിക്കായി ടാറ്റയും എൽ ആൻഡ് ടിയും രംഗത്തുണ്ടായിരുന്നെങ്കിലും ഏറ്റവും കുറഞ്ഞ തുക ചൈന കമ്പനിയുടെതായിരുന്നു-1126 കോടി രൂപ. ഏഷ്യൻ ഡവലപ്മെൻ്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി ഇനി റദ്ദാക്കാൻ കഴിയാത്ത സാഹചര്യമാണ്. 

ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഭാവിയിൽ ചൈനീസ് കമ്പനികളെ കരാറുകളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കുക എന്നുള്ളത് മാത്രമേ കേന്ദ്ര സർക്കാരിന് വഴിയുള്ളു. ഈ ഒരു കാര്യമാണ് കേന്ദ്രസർക്കാർ ഇപ്പോൾ ആലോചിക്കുന്നതും. എന്നാൽ ആഗോള കരാറുകൾ വിളിക്കുമ്പോൾ ഇങ്ങനെ വിലക്കാൻ കഴിയുമോ എന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ നിയമവശങ്ങൾ പഠിക്കാൻ കേന്ദ്രനിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. 

ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. കളിക്കോപ്പുകൾ, ഗൃഹോപകരണങ്ങൾ, വളം, മൊബൈലുകൾ, ഇലക്ട്രിക് സാധനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയാണ് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് കൂടുതലെത്തുന്നത്. ഇവ നിർമ്മിക്കുന്ന ഇന്ത്യയിലെ പ്രാദേശിക നിർമാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങൾ ഇന്ത്യക്കാരിലേക്ക് എത്തുന്നതും. മേക്ക് ഇൻ ഇന്ത്യ പദ്ധതി വന്നിട്ട് വിജയം കാണാതെ പോകുന്നതും ഇതുകൊണ്ടുതന്നെയാണ്. ഈയൊരു സാഹചര്യത്തിൽ ഇറക്കുമതി ചുങ്കം കൂട്ടുക എന്ന നീക്കം ഒരുപക്ഷേ കേന്ദ്രസർക്കാർ നടത്തുവാൻ തയ്യാറായേക്കും. പക്ഷേ അതേനാണയത്തിൽ ചൈന പ്രതികരിച്ചാൽ ചൈനയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഗണ്യമായി കുറയുവാനും സാധ്യതയുണ്ട്. 

ലോകവ്യാപാര സംഘടനയുടെ നിയമങ്ങൾ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി ചൈനയുടെ എല്ലാ സാധനങ്ങളെയും തടയാൻ കഴിയില്ല. ഇന്ത്യയിൽ നിർമിക്കുന്ന ഔഷധങ്ങളുടെ 60 ശതമാനം രാസസംയുക്തങ്ങൾ വരുന്നത് ചൈനയിൽ നിന്നാണ്. ഇവയുടെ ഇറക്കുമതി നിർത്തിയാൽ രാജ്യത്ത് ഔഷധവില പിടിച്ചാൽ കിട്ടാത്ത രീതിയിലാകും.  രാസസംയുക്തങ്ങൾ ഇറക്കുന്നത് ചെയ്യുവാൻ മറ്റു രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കരാർ ഇല്ലാത്തതിനാൽ അതുവഴിയുള്ള നീക്കങ്ങളും പ്രത്യക്ഷത്തിൽ നടക്കില്ല. 

ആസിയാൻ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കു സ്വതന്ത്രവ്യാപാരമാണുള്ളത്. ഇന്ത്യ ചൈനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയാലും ചൈനയ്ക്ക് ആസിയാൻ രാഷ്ട്രങ്ങൾ വഴി സാധനങ്ങൾ ഇന്ത്യയിൽ എത്തിക്കാനാകും. കാരണം മിക്ക ആസിയാൻ രാഷ്ട്രങ്ങളിലും ചൈന വിപണി കയ്യടക്കിയിരിക്കയാണ്. അവിടെനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാവുന്നതേയുള്ളു. സ്വതന്ത്ര വ്യാപാര ബന്ധം നിലനിൽക്കുന്നതിനാൽ ഇന്ത്യയ്ക്ക് മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയുമാണിത്. 

ചൈനക്കെതിരായ നീക്കംസ്പോൺസർഷിപ്പുകളെയും ബാധിച്ചേക്കും.  ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ കരാറിൽ ഏർപ്പെട്ടിരിക്കുന്നത് സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും നിർമ്മിക്കുന്ന ചൈനീസ് കമ്പനിയായ  ലി നിങുമായാണ്. ടോക്കിയോ ഒളിംപിക്സ് കഴിയുന്നതു വരെ ഇവരുമായി ഐഒഎ  സ്പോൺസർഷിപ് കരാറിൽ ഒപ്പു വച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത വ്യക്തമാക്കിയെങ്കിലും അതിനുള്ള സാഹചര്യം കുറവാണ് എന്നുള്ളതാണ് വസ്തുത. 

ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ വിവോയാണ് ട്വൻ്റി 20 ക്രിക്കറ്റ് ലീഗിന് സ്പോൺസർ. 2190 കോടി രൂപയുടെ കരാറാണിത്. ഇന്ത്യയിൽത്തന്നെ ഈ തുക ചെലവഴിക്കപ്പെടുമെന്നതിനാൽ കരാർ റദ്ദാക്കുന്നത് ശരിയല്ലെന്നാണ് ബിസിസിഐ ട്രഷറർ അരുൺ സിങ് വാദിക്കുന്നത്.  എന്നാൽ ചൈനീസ് കമ്പനികളുമായുള്ള എല്ലാ ഇടപാടും റദ്ദാക്കണമെന്ന് ഹർഭജൻ സിങ് ഉൾപ്പെടെയുള്ള താരങ്ങൾ ആവശ്യപ്പെട്ടു രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ. എന്നാൽ ഇത്രയും വലിയ കരാർ റദ്ദാക്കുവാൻ സാഹചര്യം വളരെ കുറവാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.