മോദിയുടെ മണ്ഡലത്തിൽ ലോക്ക് ഡൗൺ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു

single-img
18 June 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ലോക്സഭാ മണ്ഡലമായ വരാണസിയിൽ നിലവിൽ കോവിഡ് ലോക്ക് ഡൗൺമൂലം ഉണ്ടായ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു. സ്ക്രോൾഡോട്ട് ഇൻ വാർത്താ സൈറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സുപ്രിയ ശർമ്മക്കെതിരെയാണ് യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേസെടുത്ത പോലീസ് ഇവർക്കെതിരെ പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമവും ചുമത്തി. വരാണസിയിൽ രാംപൂർ പോലീസ് സ്റ്റേഷനിൽ ഈ മാസം 13ന് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ഐപിസി സെക്ഷനുകൾ അപകീർത്തിയ്ക്കുള്ള 501, ജീവന് അപായമുണ്ടാക്കും വിധം രോഗം പരത്തുന്ന തരത്തിലുള്ള പ്രവർത്തനത്തിനുള്ള 269 എന്നിവ സുപ്രിയ ശർമ്മയ്ക്ക മേൽ ചുമത്തിയിട്ടുണ്ട്. ഈ എഫ്ഐആറിൽ സ്ക്രോൾ ചീഫ് എഡിറ്ററുടേയും പേരുണ്ട്.

വരാണസിയിയ്ക്ക് സമീപം ദൊമാരി എന്ന ഗ്രാമത്തിലെ സ്വദേശിനിയായ മാല ദേവി എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത് എന്ന് പോലീസ് അറിയിച്ചു. ഇവരുടെ ഗ്രാമത്തിൽ കോവിഡ് ലോക്ക് ഡൗൺ ഉണ്ടാക്കിയ ആഘാതം ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമമാണിത്.

തങ്ങൾക്ക് റേഷൻ കാർഡില്ലാത്തതിനാൽ ലോക്ക് ഡൌൺ സമയം ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിച്ചതായി വീട്ടുജോലികൾ ചെയ്ത് ജീവിക്കുന്ന മാല ദേവി, സുപ്രിയ ശർമ്മയോട് ആ സമയം പറഞ്ഞിരുന്നു. എന്നാൽ മാല ദേവി പറഞ്ഞതിനെ സുപ്രിയ ശർമ്മ ദുർവ്യാഖ്യാനം ചെയ്തെന്ന് പോലീസ് എഴുതിയ എഫ്ഐആർ ആരോപിക്കുന്നു. തൻ ഒരിക്കലും ഒരു വീട്ടുവേലക്കാരിയല്ലെന്നും വരാണസി മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയാണെന്നും നിലവിൽ പുറംകരാർ പ്രകാരം പ്രവർത്തിക്കുകയാണെന്നും പോലീസിൽ നൽകിയ പരാതിയിൽ മാല ദേവി ചൂണ്ടിക്കാട്ടി.

മാത്രമല്ല, ലോക്ക് ഡൗൺ സമയം തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല എന്നും താനും കുട്ടികളും പട്ടിണിയായിരുന്നു എന്ന് പറഞ്ഞതിലൂടെ സുപ്രിയ ശർമ്മ തങ്ങളുടെ ദാരിദ്ര്യത്തേയും ജാതിയേയും പരിഹസിക്കുകയാണുണ്ടായത് എന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വരാണസിയിലെ ഗ്രാമത്തിൽ ആളുകൾ പട്ടിണിയിൽ’ എന്ന പേരിലായിരുന്നു റിപ്പോർട്ടിൽ മാല ദേവിയുമായുള്ള സംഭാഷണമുള്ളത്.

സൈറ്റിൽ ജൂൺ അഞ്ചിനാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതേസമയം, തങ്ങൾ ചെയ്ത റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി സ്ക്രോൾ വ്യക്തമാക്കി. പോലീസിന്റെ എഫ്ഐആർ, സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഭീഷണിപ്പെടുത്തി തടയാനും നിശബ്ദമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കോവിഡ് ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ പുറംലോകത്തെ അറിയിക്കുന്നത് തടയിടാനുള്ള ശ്രമമാണെന്നും സ്ക്രോൾ വാർത്തയിൽ ആരോപിച്ചു.