അതിർത്തിയിൽ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിരുത്തരവാദപരം: ബിജെപി

single-img
18 June 2020

ഇന്ത്യ- ചൈന അതിർത്തിയായ ലഡാക്കിൽ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിരുത്തരവാദപരമെന്ന് ബിജെപി. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ അംഗീകരിക്കാനാവില്ല എന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം കാണിക്കണം എന്നും പ്രധാനമന്ത്രിയ്‌ക്കെതിരായാണ് സംസാരിക്കുന്നത് എന്നോര്‍ക്കണം എന്നും സംപിത് പത്ര പറയുന്നു . പ്രധാനമന്ത്രി എന്നത് ഒരു വ്യക്തിയല്ല, രാജ്യത്തിന്റെ നേതാവാണ്- സംപിത് പത്ര പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നടന്ന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിനായി അതിർത്തിയിൽ സൈനികര്‍ കൊല്ലപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നടപടിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.