സംഘർഷത്തിൻ്റെ യഥാർത്ഥ അപകടസാദ്ധ്യതകൾ നിയന്ത്രണാതീതം: ഇന്ത്യ- ചെെന സംഘർഷത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു

single-img
17 June 2020

ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വളരെ ഗൗരവത്തോടെ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതികരണത്തിനായി രാജ്യം കാത്തിരിക്കെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ റിപ്പോർട്ടിംഗ് ശ്രദ്ധേയമാകുന്നത്.

ഐക്യരാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും ഏഷ്യയിലെ രണ്ട് വൻശക്തികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കടുത്ത ആശങ്കയാണ് രേഖപ്പെടുത്തിയത്. സമാധാനപരമായ പരിഹാരം വേണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. 

അതിർത്തി സംബന്ധമായ വിഷയങ്ങളാണ് സംഘർഷങ്ങൾക്കു കാരണമെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് എഴുതിയത്. “ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയും ചൈനയും 1962ലെ യുദ്ധത്തിന് ശേഷം അതിർത്തികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും, അടുത്ത ആഴ്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചു. ഇന്ത്യൻ, ചൈനീസ് സൈനികർ സംഘർഷത്തിൽ ഏർപ്പെട്ടു. അതിർത്തിയിൽ ഡസൻ കണക്കിന് സൈനികർക്ക് പരിക്കേറ്റു. ”- വാഷിംഗ്ടൺ പോസ്റ്റ് പറയുന്നു. 

വളരെക്കാലമായുള്ള നിലപാടുകൾ തമ്മിലുള്ള അന്തരം സംഘട്ടനത്തിന് ആക്കം കൂട്ടുന്നുവെന്നും ചൈന പ്രത്യേകിച്ചും കടുത്ത നിലപാട് സ്വീകരിച്ചുവെന്നും അതിർത്തിയിലേക്ക് അവർ ആയുധങ്ങൾ അയച്ചുവെന്നുമാണ്” ന്യൂയോർക്ക് ടൈംസ് എഴുതിയിരിക്കുന്നത്. “ഇരു രാജ്യങ്ങളും അവരുടെ ദേശീയ നേതാക്കളായ ചൈനയുടെ പ്രസിഡന്റ് സിൻ ജിൻ‌പിംഗും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടുതൽ കൂടുതൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഇത് സംഘർഷത്തിന്റെ യഥാർത്ഥ അപകടസാദ്ധ്യതകൾ നിയന്ത്രണാതീതമാകുമെന്ന്” കൂടി ന്യൂയോർക്ക് ടൈംസ് കൂട്ടിച്ചേർത്തു.