അവരെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുകൾ തള്ളി: പിന്നിൽ നിന്നും കുത്തുന്ന ചൈനയെ സുഹൃത്താക്കാന്‍ ഏറ്റവും കൂടതൽ പ്രയത്നിച്ചത് മോദി

single-img
17 June 2020

ഇന്ത്യ- ചെെന അതിർത്തി സംഘർഷഭരിതമായിരിക്കുകയാണ്.  ഏവരും ഉറ്റു നോക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നീക്കങ്ങളെയാണ്. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചകൾ സൈനിക തലത്തിൽ നിന്നും നയതന്ത്ര തലത്തിലേക്കും രാഷ്ട്രീയ തലത്തിലേക്കും മാറുകയാണ്. ഇവിടെയാണ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. 

കുറച്ചു നാളുകളായി ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചൊരു  നേതാവാണ് മോദി. എന്നാൽ മുൻപ് പലപ്പോഴും ഇന്ത്യയ്ക്ക് അനുഭവപ്പെട്ടതു പോലെ ചൈനയെ വിശ്വസിക്കാൻ കൊള്ളാവുന്ന അയൽക്കാരായി കരുതാനാവില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ചൈന ഇതിനു മുൻപു നടത്തിയ അതിർത്തി കയ്യേറ്റങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി ലഡാക്കിലേക്ക് സൈന്യത്തെ നീക്കിയത് വൻ സന്നാഹങ്ങളോടെയാണെന്നുള്ളതു കൂടി കണക്കിലെടുക്കണം. 

1962 ലെ ഇന്ത്യ- ചെെന യുദ്ധസമയത്ത് ഉണ്ടായിരുന്നതിനേക്കാൾ സൈനിക സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ ഉള്ളിലേക്ക് എത്രത്തോളം ചൈനീസ് സൈന്യം കടന്നു കയറി എന്ന് ഇപ്പോഴും ആരും വ്യക്തമായി പറയുന്നില്ല. 40 – 60 കിലോമീറ്റർ വരെ കടന്നുകയറി എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ് വരുത്തി വയ്ക്കുന്നതും. 

ഇതിനിടയിൽ നടക്കുന്ന മറ്റൊരു വസ്തുതയും കൂടി ശ്രദ്ധിക്കണം. ചൈന ഇങ്ങനെ കയറിയതിനു പിന്നാലെയാണ് നേപ്പാൾ ഭരണകൂടം ഇന്ത്യയ്ക്കെതിരായി നീങ്ങാൻ തീരുമാനിച്ചത്. ചൈനയുടെ പിന്തുണയില്ലാതെ നേപ്പാൾ ഇതു ചെയ്യില്ലെന്നു തന്നെയാണ് നയതന്ത്ര നിരീക്ഷകർ കരുതുന്നത്. 

പാകിസ്താൻ ഭീകരർ കശ്മീരിൽ നടത്തുന്ന ആക്രമണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യയ്ക്കെതിരെ മൂന്നു തലങ്ങളിലുള്ള നീക്കങ്ങളാണ് ചെെനയുടെ നേതൃത്വത്തിൽ നക്കുന്നതെന്നുള്ളത് വ്യക്തം. 2014 ൽ ചുമാറിലും 2018 ൽ ദോക‍് ലായിലും ഉണ്ടായ ചൈനീസ് കടന്നുകയറ്റങ്ങൾ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചവയായിരുന്നു. അവ നേരിടാൻ ഇന്ത്യക്ക് എളുപ്പവുമായിരുന്നു. എന്നാൽ ഇന്ന് ഇതല്ല സ്ഥിതി. 

ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയെന്നവകാശപ്പെടുന്ന ചൈന 5 രാജ്യങ്ങളുമായി തർക്കങ്ങളിലും ഏറ്റുമുട്ടലിലുമാണ്– ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം , ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവരുമായാണ് ചെെന ഏറ്റുമുട്ടലിൻ്റെ വക്കിലെത്തി നിൽക്കുന്നത്. ഹോങ്കോങ്ങിൽ നടക്കുന്ന ചൈനീസ് വിരുദ്ധ കലാപങ്ങൾ കുറച്ചു നാളായി ചെെനയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. 

ഈ സാഹചര്യത്തിൽ, ഇന്ത്യയ്ക്കെതിരെ ഒരു ഏറ്റുമുട്ടലിന് ചൈന ഒരുങ്ങുന്നതിനു പിന്നിൽ ഒന്നിലേറെ കാരണങ്ങളുണ്ടാവാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരേയുള്ള ഒരു നീക്കമാകാമെന്നാണ് പ്രധാന സൂചനകൾ പുറത്തു വരുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ യുഎസുമായി അടുക്കുകയാണെന്നും തന്ത്രപരമായി ആ ചേരിയിലേക്കു മാറുകയാണെന്നും ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടുകൾ മുൻ നിർത്തി  ചൈന കരുതുന്നുണ്ടാകാം. യുഎസുമായുള്ള വ്യാപാരയുദ്ധത്തിൽ ചൈന പിന്തള്ളപ്പെടുകയും ഇന്ത്യ മറ്റൊരു ഏഷ്യൻ ശക്തിയായി ഉയരുകയും ചെയ്യുന്നതിനെ ചെെന ഭയപ്പെടുയാണെന്നുള്ളത് വ്യക്തം. ഈയൊരു കാരണം തന്നെയാകാം ചെെനയെ ഇന്ത്യയ്ക്ക് എതിരെ തിരിക്കുന്നതും.