ഒരു ഇന്ത്യൻ സെെനികന് ഒരു പോറൽ വീണാൽ മറ്റുള്ളവർ സഹിക്കില്ല, അതാണ് ഇന്നലെ കണ്ടത്: മുൻ കേണൽ

single-img
17 June 2020

ഇന്ത്യ- ചെെന അതിർത്തിയിൽ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ സംഭവം ദുഃഖകരമാണെന്ന് കിഴക്കൻ ലഡാക്കിലെ ഇൻഫൻട്രി ബറ്റാലിയൻ മുൻ കമാൻഡിങ് ഓഫിസർ എസ് ഡിന്നി.  ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. 1962 ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. അതിനു ശേഷം ഇപ്പോഴാണ് ഇവിടെ ഈ രീതിയിൽ സംഘർഷമുണ്ടാകുന്നത്. ഗൽവാനു സമീപം ഇന്ത്യ റോഡ് നിർമിച്ചതാണ് ഇവിടെ പ്രശ്നമുണ്ടാക്കാൻ ചൈനയെ പ്രകോപിപ്പിച്ചതെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ പ്രസതാവനയിൽ അദ്ദേഹം പറഞ്ഞു. 

സാധാരണ നിലയിൽ അതിർത്തിയിൽ പട്രോളിങ്ങിനു പോവുക കേണലും 9 ജവാൻമാരുമാണ്. സംഘർഷം നിലനിൽക്കുന്നതിനാൽ ഒരുപക്ഷേ, ഗൽവാനിലേക്കു കൂടുതൽ സേനാംഗങ്ങൾ പോയിരിക്കാം. അതീവ ദുർഘടമേറിയ മലനിരകളാണ് ഇവിടെയുള്ളത്. ആഴമേറിയ ഗർത്തങ്ങൾ അതിരിടുന്ന മലനിരകളിലൂടെ കഷ്ടിച്ച് ഒരു വണ്ടിക്കു നീങ്ങാം. സേനാംഗങ്ങൾ തമ്മിൽ അതിർത്തി തർക്കമുണ്ടാവുമ്പോൾ, ഇരു ഭാഗത്തെയും കമാൻ‍ഡിങ് ഓഫിസർമാരാണു സംസാരിക്കുന്നത്. ഭാഷ മനസ്സിലാകാൻ പരിഭാഷകരും ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

കേണൽ റാങ്കിലുള്ള ഓഫിസർ സംസാരിക്കുമ്പോൾ ഇരുഭാഗത്തും ജവാൻമാർ മുഖത്തോടു മുഖം നോക്കി നിൽക്കുകയാണ് പതിവ്. അതിൽ ഏതെങ്കിലുമൊരാളുടെ പ്രകോപനപരമായ നോട്ടമോ ആംഗ്യമോ സംഘട്ടനത്തിൽ കലാശിക്കാം. സംഘർഷങ്ങൾ ഒരുപരിധി വരെ കമാൻഡിങ് ഓഫിസർമാർ ഇടപെട്ട് പരിഹരിക്കും. പക്ഷേ, ചിലത് കൈവിട്ടു പോകും. ഇന്നലെയുണ്ടായതും അതാവാം. രാത്രി കൂടിയാകുമ്പോൾ സംഘട്ടനം നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് കാര്യങ്ങൾ പോകുകയും ചെയ്യും. 

കമാൻഡിങ് ഓഫിസർ ഹിന്ദിയിലാണു തന്റെ ജവാൻമാരോടു സംസാരിക്കുക. സംഘട്ടനത്തിലേക്കു നീങ്ങിയാൽ മാതൃഭാഷയിൽ മനസ്സിലുള്ളതെല്ലാം വിളിച്ചു പറഞ്ഞാവും സേനാംഗങ്ങൾ ചീറിയടുക്കുക. സേനയിലെ യൂണിറ്റിൽ വർഷങ്ങളായി ഒന്നിച്ചു കഴിയുന്നവരാണ് ജവാൻമാരും ഓഫിസർ റാങ്കിലുള്ള കേണലും. സേനയിൽ ചേർന്നതു മുതൽ ഊണിലും ഉറക്കത്തിലും ഒപ്പമുളളവർ. പരിശീലിക്കുന്നതും കളിക്കുന്നതുമെല്ലാം ഒന്നിച്ച്. അതുകൊണ്ട് തന്നെ അവർക്കിടയിലുള്ള ആത്മബന്ധം വളരെ ദൃഢമാണ്. തങ്ങളിലൊരാൾക്കൊരു പോറൽ സംഭവിച്ചാൽ, പിന്നെ എതിർവശത്ത് നിൽക്കുന്നതാരാണെങ്കിലും സേനാംഗങ്ങൾ പ്രതികരിക്കുമെന്നും അനുരഞ്ജനത്തിൻ്റെ ഭാഷയൊന്നും അപ്പോൾ ഫലം കാണില്ലെന്നും ഡിന്നി പറയുന്നു.  അതു തന്നെയാവാം ഗൽവാനിലും സംഭവിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ.