ക്രുരമായി മർദ്ദിച്ചു, മലിനജലം കുടിപ്പിച്ചു: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നേരിട്ടത് കൊടിയ പീഡനം

single-img
16 June 2020

പാകിസ്താനില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങളാണെന്നു വെളിപ്പെടുത്തൽ. ഇരുവരെയും തടഞ്ഞുവച്ച് ആറു മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തതെന്നും ഇരുമ്പു ദണ്ഡ് കൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും മലിന ജലം കുടിപ്പിക്കുകയും ചെയ്തുവെന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഇരുവരെയും പാകിസ്താന്‍ വിട്ടയച്ചത്. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം കൂടുതല്‍ വഷളാവുമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്നലെ പാകിസ്ഥാനില്‍ സംഭവിച്ചത്. പാകിസ്താന്‍ സമയം അനുസരിച്ച് രാവിലെ എട്ടരയോടെയാണ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പിടിച്ചുകൊണ്ടുപോയത്. 

പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് 16 പേരടങ്ങുന്ന സായുധ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുഖം മൂടി അണിയിച്ചും കൈകളില്‍ വിലങ്ങ് അണിയിച്ചുമാണ് ഇവരെ കൊണ്ടുപോയത്. അജ്ഞാത സ്ഥലത്ത് കൊണ്ടുപോയാണ് സായുധ സംഘം ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആറു മണിക്കൂര്‍ നേരം ചോദ്യം ചെയ്യല്‍ നീണ്ടു. ഉദ്യോഗസ്ഥര്‍ക്ക് നേരെ  കൊടിയ പീഡനമാണ് നടന്നത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദ്ദിച്ചു. മലിന ജലം കുടിപ്പിച്ചു. ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു സായുധ സംഘത്തിന്റെ ലക്ഷ്യം. 

പാകിസ്താനില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായ വാര്‍ത്ത വലിയ ചര്‍ച്ചയായി. ഇതോടെ വാഹനാപകടത്തിന് കാരണക്കാര്‍ ആയതിനെ തുടര്‍ന്നാണ് പിടികൂടിയതെന്ന് കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതെന്ന് പാകിസ്താന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. 

ഹൈക്കമീഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുളള താക്കീത് എന്ന നിലയിലാണ് സായുധ സംഘം പെരുമാറിയത്. ഭാവിയില്‍ ഹൈക്കമീഷനിലെ മറ്റ് ഉദ്യോഗസ്ഥരെയും ഈ രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നും സായുധ സംഘം ഭീഷണിപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തില്‍ ഇന്ത്യ പാകിസ്താനോട് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.