കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ

single-img
16 June 2020

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തന്നെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിൽ സമർപ്പിച്ച ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ. ഇത്തരത്തിൽ ഹർജി നൽകുന്നതിലൂടെ കേസ് നീട്ടി കൊണ്ട് പോകാനാണ് ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

കേസിൽ തന്നെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമർപ്പിച്ച ഹർജി കോട്ടയം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. അതിനെതിരായി ബിഷപ്പ് സമർപ്പിച്ച റിവിഷൻ ഹർജിയാണ് ഇന്ന് ജസ്റ്റിസ വി ഷെർസി പരിഗണിച്ചത്. പരാതിക്കാരിയും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു.

ഇപ്പോഴും തനിക്കെതിരെ വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിഷപ് കോടതിയിൽ അറിയിച്ചു. എന്നാൽ നിലവിൽ പ്രതി ജാമ്യത്തിലാണെന്നും തെറ്റായ വിവരങ്ങളാണ് പറയുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കേസ് കൂടുതൽ വാദത്തിനായി 26 ലേക്ക് മാറ്റി.