കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം: ഉമ്മന്‍ ചാണ്ടി

single-img
15 June 2020

വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇനിമുതൽ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20 നാണ് പ്രാബല്യത്തില്‍ വരുന്നത്.

പുതിയ നിയമം നിലവിൽ വന്നാൽ അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇതിനോടകം ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ നഷ്ടമായത് മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നുലക്ഷത്തോളം പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ആറു മാസം എങ്കിലും വേണ്ടിവരും. രാജ്യത്ത് ലോക്ക് ഡൗണ്‍ കാലത്ത് ലഭിച്ച മൂന്നുമാസം ഫലപ്രദമായി വിനിയോഗിക്കാത്തതിനെ തുടര്‍ന്നാണ് പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. പക്ഷെ ഇപ്പോൾ ആ പ്രതീക്ഷയും അസ്ഥാനത്തായെന്ന് അദ്ദേഹം ആരോപിച്ചു.