കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ജയിലിൽ സൗകര്യങ്ങൾ അനവധി: മകനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമം

single-img
12 June 2020

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജയിലിൽ നിന്നും മൊബൈൽഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട്. തൻ്റെ മകനും കൂടത്തായി കേസിലെ സാക്ഷിയുമായ റോമോയെയാണ് ജോളി മൂന്ന് തവണ വിളിച്ചതായ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. 

കോഴിക്കോട് ജയിലിൽ നിന്നും 20 മിനുട്ടിലധികം മകനെ വിളിച്ച് സംസാരിച്ചതായി ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ജി സ്ഥിരീകരിച്ചിട്ടുണ്ട്. നോർത്ത്സോൺ ഐജിയുടെ റിപ്പോർട്ടിലാണ് കടുത്ത സുരക്ഷാ വീഴ്ചയുണ്ടായതായുള്ള ഈ വിവരമുളളത്. തങ്ങൾ പറഞ്ഞ് വിലക്കിയിട്ടും ജോളി പിന്നെയും റോമോയെ വിളിച്ചെന്നും പൊലീസിന്റെ കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റോയിയുടെ കുടുംബാംഗങ്ങൾ അറിയിച്ചു കഴിഞ്ഞു.

ജോളി വിളിച്ചതായി റോമോ ഐജിയോട് സമ്മതിച്ചിട്ടുണ്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിച്ചു.ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2002 മുതൽ 14 വർഷത്തിനിടെയായിരുന്നു സംഭവങ്ങളെല്ലാം. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.