കോവിഡ് രോഗി തൂങ്ങി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

single-img
10 June 2020

ഇന്ന് സംസ്ഥാനത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ചികിത്സയില്‍ ആയിരിക്കെ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ തൂങ്ങി മരിച്ചത്.

ഇദ്ദേഹത്തിന് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇയാള്‍ക്ക് വീട്ടില്‍ എത്തിയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്ന് മുങ്ങിയിരുന്നു.

തുടര്‍ന്ന് നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവെയ്ക്കുകായും പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ ആശുപത്രിക്ക് മേല്‍ ഗുരുതര സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിരുന്നു.