2019 ൽ 90 ആനകൾ ചരിഞ്ഞപ്പോൾ അസ്വഭാവികമായത് എട്ടെണ്ണം മാത്രം: കേരളത്തിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഒരാന കൊല്ലപ്പെടാറുണ്ടെന്ന പച്ചക്കള്ളം മേനകാ ഗാന്ധിക്ക് എവിടെനിന്നും ലഭിച്ചു?

single-img
5 June 2020

സ്‌ഫോടകവസ്തു നിറഞ്ഞ കൈതച്ചക്ക ഭക്ഷിച്ച് മരണമടഞ്ഞ ഗർഭിണിയായ ആനയെ സംബന്ധിച്ച വാർത്ത ദേശീയ രംഗത്തുവരെ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. നിരവധി പ്രശസ്തർ അനുശോചനവും വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ പേരും സംഭവത്തിന് പിന്നിലെ വസ്തുതകളെ കുറിച്ച് മനസിലാക്കാതെയാണ് പ്രതികരണവുമായി എത്തിയതെന്നുള്ളതാണ് യാഥാർത്ഥ്യം. 

ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്നും ആനയ്ക്ക് സാമൂഹ്യവിരുദ്ധരായ ചിലർ അറിഞ്ഞുകൊണ്ടുതന്നെ സ്‌ഫോടകവസ്തു നിറഞ്ഞ പഴം നൽകുകയായിരുന്നു എന്നുമായിരുന്നു ഇവർ ആോപിച്ചത്. കേന്ദ്ര മന്ത്രിമാർ പോലും ഈ വാദം ഏറ്റുപിടിക്കുന്നതു കാണാൻ കഴിഞ്ഞു. ദേശീയ മാദ്ധ്യമങ്ങളും ഇതേകുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്താൻ തുനിഞ്ഞില്ലെന്നുള്ളതും വസ്തുതയാണ്. 

മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേകാ ഗാന്ധി സംഭവത്തെ വർഗ്ഗീയമായ രീതിയിലാണ് നോക്കിക്കണ്ടത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം കുറ്റകൃത്യങ്ങളുടെയും ഹിംസയുടെയും കേന്ദ്രമാണെന്നും കേരളത്തിൽ മൂന്ന് ദിവസത്തിൽ ഒരിക്കൽ ഒരാന കൊല്ലപ്പെടാറുണ്ടെന്നും ഇവർ തെറ്റായ പ്രസ്താന നടത്തി. ഇത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നിരവധി പേർ ഏറ്റുപിടിക്കുകയും ചെയ്തു. 

എന്നാൽ ഈ പ്രസ്താവനയിലെ സത്യമെന്താണ്? വനംവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് കേരളത്തിൽ 2019 ചരിഞ്ഞ 90 ആനകളുടേതിൽ ഭൂരിഭാഗവും സ്വാഭാവിക മരണമായിരുന്നു.2019ൽ എട്ട് ആനകളുടെ മരണം മാത്രമാണ് അസ്വാഭാവികമായി സംഭവിച്ചത്. 2020ൽ ഇതുവരെ രണ്ട്‍ ആനകൾക്ക് അസ്വാഭാവിക മരണം സംഭവിച്ചിട്ടുണ്ട്. ആദ്യത്തേത് പുനലൂരിലേതും രണ്ടാമത്തേത് കഴിഞ്ഞ ദിവസത്തേതും. 

യഥാർത്ഥ്യങ്ങൾ ഇങ്ങനെയായിരിക്കേ മലപ്പുറം ജില്ലയേയും കേരളത്തെയും മനപ്പൂർവം താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് ദേശീയ തലത്തിൽ നിന്നുവരെ നട്നുകൊണ്ടിരിക്കുന്നത്. കൂടാതെ ആനയ്ക്ക് ആരും മനഃപൂർവം സ്‌ഫോടകവസ്തു നിറഞ്ഞ കൈതച്ചക്ക കഴിക്കാൻ നൽകിയതല്ലെന്ന വാർത്തയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കാട്ടുപന്നികളെ അകറ്റാനായി കർഷകർ വച്ച സ്‌ഫോടകവസ്‌തു അബദ്ധത്തിൽ ആന കഴിച്ചതാവാമെന്ന വിവരമാണ് ഒടുവിൽ ലഭിക്കുന്നത്.

പാലക്കാട്ടെ സൈലന്റ് വാലി ദേശീയ പാർക്കിലെ ആനയെ ജില്ലയിൽ കൂടി ഒഴുകുന്ന വെള്ളിയാർ നദിയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നത്. മാത്രമല്ല മെയ് 30ന് ഇക്കാര്യം ആദ്യമായി ഫേസ്‍ബുക്കിലൂടെ പുറത്തുവിട്ട മണ്ണാർക്കാട്ടെ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണൻ ആന മരിച്ചത് മലപ്പുറത്ത് വച്ചാണെന്നോ ആനയെ മനഃപൂർവം ആരെങ്കിലും കൊലപ്പെടുത്തിയതാണെന്നോ തൻ്റെ ഫേസ്ബുക്ക്  പോസ്റ്റിൽ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല പരിക്ക് പറ്റിയ 15 വയസുകാരി ആനയെ അദ്ദേഹവും സംഘവും രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നുള്ളതും യാഥാർത്ഥ്യമാണ്.