വിദ്വേഷപ്രചരണം നടത്തുന്നവരെക്കുറിച്ച് ലജ്ജ തോന്നുന്നു ; മനേകാ ഗാന്ധിക്കെതിരെ പാർവതി തിരുവോത്ത്

single-img
4 June 2020

ഗർഭിണിയായ ആന സ്‌ഫോടക വസ്തുക നിറച്ച പൈനാപ്പിൾ കഴിച്ച് ചെരിഞ്ഞ വിഷയത്തിൽ ബിജെപി നേതാവ് മനേക ഗാന്ധിയുടെ പ്രതികരണത്തിനെതിരെ നടി പാർവതി തിരുവോത്ത് . സംഭവം നടന്നത് പാലക്കാടാണെങ്കിലും മലപ്പുറം ജില്ലയെ പ്രതി കൂട്ടിൽ നിർത്തിയായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് പ്രതികരണവുമായി പാർവതി രംഗത്തെത്തിയത്.

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്. എന്നാൽ ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത് ലജ്ജാവഹമാണെന്ന് പാർവതി ട്വിറ്ററിലൂടെ തുറന്നടിച്ചു.

പാർവതിയുടെ ട്വീറ്റ് ഇങ്ങനെ :’ നീചമായ സ്‌ഫോടക വസ്തുകളുപയോഗിച്ചികൊണ്ടുള്ള മൃഗങ്ങൾക്കെതിരായ ആക്രമണം നിർത്തേണ്ട ഒന്നാണ്. സംഭവിച്ചതെന്തെന്ന് അറിഞ്ഞ് തകർന്നുപോയി. പക്ഷേ ഈ സംഭവം ഒരു ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനായി ഉപയോഗിച്ചവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു’.

ഇന്നലെ പുറത്തുവന്ന മനേകാ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ :’ നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ഭയമാണെന്നും മേനക ഗാന്ധി പറഞ്ഞു. വനംവകുപ്പ് സെക്രട്ടറിയെ മാറ്റണം. ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണം. രാഹുൽ ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ഗാന്ധി ചോദിച്ചു. ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തിൽ തുമ്പിയും വായും മുക്കി നിൽക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.’