‘‘അതിക്രമങ്ങളിൽ മലപ്പുറം ജില്ല കുപ്രസിദ്ധം’’; മേനക ഗാന്ധിയുടെ വിദ്വേഷപ്രചാരണത്തിൽ വ്യാപക പ്രതിഷേധം

single-img
4 June 2020

മലപ്പുറം: പാലക്കാട്​ ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ വ്യാപക പ്രതിഷേധം. മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി മലപ്പുറം എന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ലക്ഷ്യമാക്കി തെറ്റായ പ്രചാരണം നടത്തിയതോടെ വിഷയം ദേശീയ തലത്തിലും ചർച്ചയായി. സംഘ്​പരിവാർ കേ​ന്ദ്രങ്ങൾ ഇവരുടെ വാക്കുകൾ ഉദ്ധരിച്ച്​ മലപ്പുറ​ത്തിനെതിരായ പ്രചാരണങ്ങൾക്ക്​ മൂർച്ചകൂട്ടി. സീന്യൂസ്​​ പോലുള്ള ദേശീയ മാധ്യമങ്ങളും ഇവരുടെ പ്രചാരണം ഏറ്റെടുത്തു.

‘‘മലപ്പുറം ഇത്തരം സംഭവങ്ങൾക്ക്​ കുപ്രസിദ്ധമാണ്​. പ്രത്യേകിച്ച്​ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ്​ ഇത്തരത്തിൽ കൊന്നൊടുക്കിയത്​. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന്​ ഭയമാണ്​.

സംസ്​ഥാനത്ത്​ ദിനംപ്രതി മൂന്ന്​ ആനകൾ കൊല്ലപ്പെടുന്നുണ്ട്​. ഏകദേശം അറുനൂറോളം ആനകൾ സംസ്​ഥാനത്ത്​ വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടത്​​. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിന്​ സമീപമാണ്​ ആന ചരിഞ്ഞ സംഭവം. എന്തു​കൊണ്ട്​ അദ്ദേഹം വിഷയത്തിൽ ഇടപെട്ടി​ല്ല’’ -ഇതായിരുന്നു മനേക ഗാന്ധിയുടെ പ്രസ്​താവന.

ഇവരുടെ പ്രസ്​താവനക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റി എസ്​.പി, ഡി.ജി.പി, ആഭ്യന്തര മന്ത്രി എന്നിവർക്ക്​ പരാതി. മനേക ഗാന്ധിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ മുസ്​ലിം യൂത്ത് ലീഗ് ചാണകം ഒഴിക്കൽ സമരവും നടത്തും. വ്യാഴാഴ്​ച വൈകീട്ട് നാലിന്​ മലപ്പുറം പ്രസ്ക്ലബ്​ പരിസരത്തുനിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്ന്​ യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി അറിയിച്ചു.