മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, തുളസി, ഏലം എന്നിവയടങ്ങിയ കഷായവും കുറച്ച് പ്രാണായാമവും: കോവിഡ് രോഗികളിൽ `ആയുർവേദ വാക്സിൻ´ പരീക്ഷിച്ചു വിജയിച്ചുവെന്ന് ബാബാ രാംദേവ്

single-img
4 June 2020

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ ആയുര്‍വേദം മരുന്നു രൂപപ്പെടുത്തുമെന്ന് യോഗാ ഗുരുവും പതഞ്ജലി മേധാവിയുമായ ബാബാ രാംദേവ്. കോവിഡിനെ പ്രതിരോധിക്കുന്ന മരുന്നിനായി പതഞ്ജലി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിജയിക്കും എന്നു തന്നെയാണ് കരുതുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രഷന്‍സ് വെബ് കാസ്റ്റ് പരമ്പരയില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ലയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനത്തിന്റെ തുടക്കം  മുതല്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് പതഞ്ജലി. പ്രതിരോധ ശക്തിയുണ്ടാക്കുന്നതിന് പ്രാണായാമം ഫലപ്രദമാണ്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, തുളസി, ഏലം എന്നിവയുടെ കഷായം രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പലയിടത്തും ഞങ്ങള്‍ ഇതു പരീക്ഷിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 500 പേര്‍ക്കു കഷായം നല്‍കി, അവരില്‍ ഭൂരിഭാഗവും പരിശോധനയില്‍ നെഗറ്റിവ് ആയി. പോസിറ്റിവ് ആയവരുടെ രോഗമുക്തി നിരക്ക് അതിശയിപ്പിക്കുന്നതാണ്. ഏഴു മുതല്‍ പത്തു ദിവസം കൊണ്ട് അവര്‍ രോഗമുക്തി നേടി. ഇത് പരീക്ഷണ ഘ്ട്ടം  മാത്രമാണ്. ഇതിനെക്കുറിച്ച് രാജ്യാന്തര ജേണലില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബാബാ രാംദേവ് പറഞ്ഞു. 

സര്‍ക്കാരിനു മാത്രമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. തദ്ദേശീയമായ ഉത്പന്നങ്ങളോടുള്ള ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ട്. രാജ്യത്തെ പകുതി സംസ്ഥാനങ്ങളിലും ഡന്റല്‍ കെയര്‍, സ്‌കിന്‍ കെയര്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ പതഞ്ജലി മുന്നിലാണ്. ഏപ്രില്‍-മെയ് കാലയളവില്‍ പതഞ്ജലിയുടെയും രുചി സോയയുടെയും വിറ്റുവരവ് 25,000 കോടിയാണെന്ന് രാംദേവ് പറഞ്ഞു.

ഈ മരുന്നിനെക്കുറിച്ച് ഐസിഎംആറിനെ അറിയിച്ചിരുന്നോയെന്ന ചോദ്യത്തിന് ബഹുരാഷ്ട്ര കമ്പനികളുടെയും അലോപ്പതി മരുന്നു കമ്പനികളുടെയും ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രാംദേവിന്റെ മറുപടി. അവര്‍ യോഗയ്ക്കും ആയുര്‍വേദത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരാണ്. എന്നാല്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.