72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തത് എന്തിന്; ഇന്‍സ്റ്റ​ഗ്രാമില്‍ തിരികെ എത്തിയ പ്രിയാ വാര്യർ പറയുന്നു

single-img
3 June 2020

സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്റ്റീവായി തുടരുന്നതിനിടെ 72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു നടി പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റ​ഗ്രാമില്‍ നിന്ന് വിട്ടുനിന്ന രണ്ടാഴ്ച താന്‍ നല്ല സമാധാനത്തിലായിരുന്നു എന്നാണ് പ്രിയ പറയുന്നത്. എനിക്ക് മനശാന്തിയും മാനസികാരോ​ഗ്യവുമാണ് വളരെ മുഖ്യമെന്നും സോഷ്യല്‍ മീഡിയ തന്നെ കൂടുതല്‍ സ്വാധീനിക്കാന്‍ തുടങ്ങിയതോടെയാണ് ഇടവേള എടുത്തതെന്നും പ്രിയ വ്യക്തമാക്കി.

ഇപ്പോള്‍ഈ ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റ​ഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ. സോഷ്യല്‍മീഡിയ എന്റെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിടയ്ക്ക് വച്ച്‌ അതെന്നെ ബാധിക്കാന്‍ തുടങ്ങി. അതില്‍ വരുന്ന ലൈക്കുകള്‍, ഫോളോവേഴ്സും ഡിസ്ലൈക്കുമെല്ലാം എന്നെ വളരെ സമ്മര്‍ദ്ദത്തിലാക്കി.

അങ്ങിനെയാണ് ഇടവേള എടുത്തത് എന്നാണ് പ്രിയ പറയുന്നത്. തുടര്‍ന്നും തനിക്ക് ഇടവേള എടുക്കണമെന്നു തോന്നിയാല്‍ എടുക്കുമെന്നും പ്രിയ പറഞ്ഞു. പക്ഷെ അങ്ങിനെ ഉണ്ടായാലും കൂടുതല്‍ കാലം ഇന്‍സ്റ്റാ​ഗ്രാമില്‍ നിന്നും ഇടവേള എടുക്കില്ലെന്നും തനിക്ക് ഇത് പ്രൊഫഷണല്‍ സ്പേസ് കൂടിയാണെന്നും പ്രിയ പറയുന്നു.

ഇന്‍സ്റ്റ​ഗ്രം എന്നത് തന്റെ സ്വകാര്യ ഇടമാണെന്നും അവിടെ നിന്ന് ഇടവേളയെടുക്കുന്നതില്‍ എന്തിനാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും പ്രിയ ചോദിക്കുന്നു. ട്രോളുകള്‍ ധാരാളം ഇറങ്ങുന്നത് കാരണമാണ് താന്‍ ഇന്‍സ്റ്റ​ഗ്രാം വിട്ടത് എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ നിരവധി ട്രോളുകള്‍ക്ക് ഇരയായ ആളാണ് താന്‍. ട്രോള്‍ ഒരിക്കലും അത് തനിക്ക് പുതിയ കാര്യമല്ല. പിന്നെ എന്തിനാണ് ട്രോളുകള്‍ കണ്ട് ഇന്‍സ്റ്റ​ഗ്രാം വിടണം എന്നാണ് പ്രിയയുടെ ചോദ്യം.

അതേപോലെ, പബ്ലിസിറ്റിക്ക് വേണ്ടിയാണ് താന്‍ അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തതെന്ന് ചിലര്‍ പറഞ്ഞു. അത് തന്നെ ഏറെ വേദനിപ്പിച്ചു എന്നാണ് പ്രിയ പറയുന്നത്. കൊറോണയുടെ കാലം ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. ഇവിടെ എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്. ഞങ്ങളെയും മനുഷ്യരായി പരി​ഗണിക്കണമെന്നും പ്രിയ പറയുന്നു.